അബുദാബി> സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവരെ ഉൾപ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയതിൽ സംസ്ഥാന സർക്കാരിനെ ശക്തി തിയറ്റേഴ്സ് അബുദാബി അഭിനന്ദിച്ചു.
വിദേശത്ത് പഠിക്കുവാനും തൊഴിലെടുക്കുവാനും പോകുന്നവർക്ക് പല രാജ്യങ്ങളിലും വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം കൈക്കൊണ്ടത്.ആരോഗ്യവകുപ്പിന്റെ ആദ്യ ഇടപെടലിൽ തന്നെ പ്രവാസി സമൂഹത്തെ പരിഗണിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ഉടനെ പ്രവാസികള്ക്ക് ജീവിതകാലം മുഴുവന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതും, കോവിഡ് മഹാമാരി തീർത്ത ഈ പ്രതിസന്ധി ഘട്ടത്തിലും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സര്ക്കാര് നിലനിർത്തിയതും ഈ സർക്കാർ പ്രവാസികളോട് കാണിക്കുന്ന കരുതലിന്റെ മറ്റൊരു ഉദാഹരണമാകുന്നു.നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനല്കുന്ന ഈ പദ്ധതി പ്രവാസി മലയാളികളുടെ സുരക്ഷിത ഭാവി ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാണ്.
സർക്കാരിന്റെ തുടർച്ചയായുള്ള ഇടപെടലുകൾ രണ്ടാം പിണറായി സർക്കാരിൽ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നല്കുന്നുവെന്നതിന്റെ സൂചനകൂടിയാണെന്ന് ശക്തി തിയറ്റേഴ്സ് അബുദാബി ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്തപ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.