കവരത്തി: ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അഡ്മിനിസ്ട്രേഷൻ അനുമതിയും നിഷേധിച്ചു.
ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
എത്രയും പെട്ടെന്ന് നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാനാണ് സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നത്. പകരം ഉദ്യോഗസ്ഥർവരാൻ കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവർക്ക് വിടുതൽ നൽകണമെന്ന് മേലുദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്.മേഖലയുടെ ശക്തമായ പ്രവർത്തനത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലം മാറ്റമെന്ന് വിശദീകരിച്ചുകൊണ്ടാണ് 39 പേരുടെ പട്ടിക പുറത്തിറക്കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ കൂട്ട സ്ഥലംമാറ്റം.നേരത്തെ വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവിടുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു.എഐസിസി സംഘം ലക്ഷദ്വീപ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കെ.സി വേണുഗോപാൽ എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി രണ്ട് തവണഅനുമതി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു.
കോവിഡ് സാഹചര്യവും കർഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘത്തിന് അനുമതി നിഷേധിച്ചത്. വിവാദ നായകനായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നിലവിൽ സ്ഥലത്തില്ല.രണ്ടുദിവസത്തിനകം അദ്ദേഹം ദ്വീപിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ചർച്ച ചെയ്തു അപേക്ഷ പരിഗണിക്കാമെന്നാണ് എ.ഐ.സി.സി സംഘത്തിന് ലഭിച്ച മറുപടി.
Content Highlight: 39 employees transferred from Lakshadweep fisheries department