ന്യൂഡൽഹി
പുതിയ ഐടി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാന് സ്വീകരിച്ച നടപടി എത്രയുംവേഗം അറിയിക്കാന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം സാമൂഹ്യമാധ്യമങ്ങളോട് നിര്ദേശിച്ചു. ചൊവ്വാഴ്ചയാണ് സമയപരിധി അവസാനിച്ചത്. സ്വകാര്യതയിലേക്ക് കടന്നുകയറാന് പ്രേരിപ്പിക്കുന്ന വ്യവസ്ഥകള് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വാട്സാപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാന് കൊണ്ടുവന്ന പുതിയ ഐടി നിയമം സാമൂഹ്യമാധ്യമങ്ങൾ നിർബന്ധമായും പാലിച്ചേ തീരുവെന്ന് കേന്ദ്രം വിശദീകരണക്കുറിപ്പില് പറഞ്ഞു. സ്വകാര്യതാലംഘനമെന്ന വാദത്തില് കഴമ്പില്ലെന്നും ബലാത്സംഗ ദൃശ്യങ്ങളും കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും മറ്റും പ്രചരിക്കുന്നത് തടയാന് അവയുടെ സ്രോതസ്സ് കണ്ടെത്തേണ്ടത് അത്യാവശ്യമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഐടി നിയമത്തിലെ
വ്യവസ്ഥകൾ
ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള് പരാതി കേൾക്കാനും പരിഹരിക്കാനും രാജ്യത്ത് ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണം. വിവാദ ഉള്ളടക്കം നീക്കാൻ അടിയന്തര സംവിധാനംവേണം. പരാതി ലഭിച്ച് 15 ദിവസത്തിനകം നടപടി വേണം. കുറ്റകൃത്യം തടയാൻ അന്വേഷണഏജൻസികളുമായി സഹകരിക്കണം. വിവാദസന്ദേശങ്ങളുംമറ്റും ആദ്യം പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ സഹായിക്കണം–- തുടങ്ങിയവയാണ് വ്യവസ്ഥകൾ.