ന്യൂഡൽഹി
മഹാമാരിക്കാലത്തും കർഷകരോട് കരുണ കാട്ടാത്ത മോഡി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. ജമ്മു–-കശ്മീർ മുതൽ തമിഴ്നാടുവരെ രാജ്യമെമ്പാടും കോവിഡ് മാനദണ്ഡം പാലിച്ച് അരങ്ങേറിയ പ്രക്ഷോഭത്തില് ലക്ഷങ്ങൾ അണിനിരന്നു. വീടുകളും തൊഴിലിടങ്ങളും പൊതുസ്ഥാപനങ്ങളും പ്രതിഷേധവേദികളായി. കറുത്ത കൊടികൾ ഉയർത്തിയും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചും കേന്ദ്രസർക്കാർ നയങ്ങളോടുള്ള രോഷവും അമർഷവും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരുടെ ജീവൻ രക്ഷിക്കണമെന്ന് പ്രതിപക്ഷകക്ഷികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും മഹിളകളും വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഡൽഹി അതിർത്തിയില് കര്ഷകര് പ്രക്ഷോഭം തുടങ്ങി ആറ് മാസമായിട്ടും ഫലപ്രദമായ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ചയാണ് കരിദിനാചരണത്തിന് ആഹ്വാനം നൽകിയത്. 10 കേന്ദ്ര ട്രേഡ് യൂണിയന്റെ പൊതുവേദിയും ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനുകളും 12 പ്രധാന രാഷ്ട്രീയ പാർടിയും പൂർണ പിന്തുണ നൽകി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളും പങ്കാളികളായി.വീടുകളിലും പണിസ്ഥലങ്ങളിലും കറുത്ത കൊടികളുയർത്തി കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരളവും കരിദിനാചരണത്തിലൂടെ പ്രതിഷേധിച്ചു.