സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയ്‍ക്ക് ഇന്ത്യയിൽ പൂട്ടുവീണേക്കുമെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്. മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കുന്നതിന് നൽകിയിരുന്ന സമയപരിധി.
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും പുതിയ നിർദേശങ്ങൾ പാലിക്കാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് മെയ് 26-ാം തീയതി മുതൽ ഇവയ്‍ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകൾ ഉയരുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ വകഭേദമായ കൂ മാത്രമാണ് നിലവിൽ നിർദേശങ്ങൾ പാലിച്ചിട്ടുള്ള ഏക സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ.
ഇന്ത്യയിൽ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്‍ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതർ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്.
ഇന്ത്യയിലെ സമൂഹമാധ്യമങ്ങൾ നിർണായക ദിനങ്ങളാണ് വരാനിരിക്കുന്നത്. പുതിയ നിർദേശങ്ങൾ പാലിക്കാത്തപക്ഷം ഇന്റർമീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകൾ. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരേ നിയമ നടപടികൾ ഉണ്ടാകുമെന്നുമാണ് സൂചന.
കമ്പനികളുടെ തീരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ യു.എസ്. ആസ്ഥാനമായ പ്ലാറ്റ്ഫോമുകൾ നിർദേശങ്ങൾ പാലിക്കുന്നതിന് ആറ് മാസം സമയം ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് സർക്കാരുമായി ചർച്ചകൾ നടത്തുകയാണ്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നായിരുന്നു സർക്കാർ മുന്നോട്ട് വെച്ച പ്രധാന നിർദേശം. ഈ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്‌യുന്നതിനും അധികാരം നൽകിയിരുന്നു. സോഷ്യൽ മീഡിയകൾക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്.
Source:
Content Highlights: Facebook, Whatsapp, Twitter, Ministry of Electronics & Information Technology