സ്വന്തം ലേഖകൻ
ന്യൂഡൽഹി
കോവിഡ് മരണങ്ങളില് നഷ്ടപരിഹാരം തേടിയുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. നാലുലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നും മരണസർട്ടിഫിക്കറ്റ് വിതരണത്തിന് ഏകീകൃത സംവിധാനം വേണമെന്നുമുള്ള ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
ഐസിഎംആർ മാർഗനിർദേശ പ്രകാരം മരണസർട്ടിഫിക്കറ്റും മറ്റ് രേഖകളും വിതരണം ചെയ്യാൻ ഏകീകൃത സംവിധാനം വേണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം ആർ ഷാ എന്നിവർ അംഗങ്ങളായ അവധിക്കാലബെഞ്ച് നിരീക്ഷിച്ചു. ശ്വാസകോശ അണുബാധയോ ഹൃദ്രോഗമോ മൂലമാണ് കോവിഡ് ബാധിതര് അധികവും മരിക്കുന്നതെന്നും അത്തരം മരണങ്ങളെ കോവിഡ് മരണമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണെന്നും ജസ്റ്റിസ് എം ആർ ഷാ ചൂണ്ടിക്കാട്ടി. ജൂൺ 11ന് കേസ് വീണ്ടും പരിഗണിക്കും. അതിനുള്ളിൽ കേന്ദ്രം രണ്ടുവിഷയത്തിലും നിലപാട് വ്യക്തമാക്കണം.
കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥിതൊഴിലാളികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി.ആത്മനിർഭർ പദ്ധതിയിലൂടെയൊ മറ്റേതെങ്കിലും കേന്ദ്ര, സംസ്ഥാന പദ്ധതിയിലൂടെയൊ സഹായം എത്തിക്കണം. ഇക്കാര്യത്തില് സംസ്ഥാനങ്ങൾ സത്യവാങ്ങ്മൂലം സമർപ്പിക്കണം. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ പ്രക്രിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേഗത്തിലാക്കണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു. അധികൃതരെ സമീപിക്കുന്നവരെ മാത്രമല്ല ഓരോ തൊഴിലാളിയെയും സമീപിച്ച് രജിസ്ട്രേഷൻ നടത്തണം.