തിരുവനന്തപുരം
കാരുണ്യ പദ്ധതിയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ 252 ആശുപത്രി ചേർന്നതായി മുഖ്യമന്ത്രി അറിയിച്ചു. 22.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ 106 ആശുപത്രിയാണുണ്ടായിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അധ്യക്ഷതയിലുള്ള പരാതി പരിഹാരസെൽ പരിശോധിച്ചു വരികയാണ്. അതനുസരിച്ച് നടപടിയെടുത്ത് പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസ്കിലും വേണം കരുതൽ
മാസ്കുകൾ കോവിഡ് രോഗവ്യാപനം മാത്രമല്ല, വായു വഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാനും സഹായിക്കും. എന്നാൽ, മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങൾ പിടിപെടാനും കാരണമാകും.
തുണി മാസ്ക്
തുണി കൊണ്ടുള്ള മാസ്ക് ഉപയോഗശേഷം നന്നായി കഴുകി വെയിലിൽ ഉണക്കണം. മഴക്കാലത്താണെങ്കിൽ ഉണങ്ങിയാലും ഈർപ്പം മുഴുവനായി കളയാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചുതന്നെ ഉണക്കണം.
സർജിക്കൽ മാസ്ക്
സർജിക്കൽ മാസ്ക് ഒരു തവണമാത്രം ഉപയോഗിക്കാനുള്ളതാണ്. ആറുമുതൽ എട്ട് മണിക്കൂർ വരെയാണ് പരമാവധി ഉപയോഗിക്കാനാകുക.
എൻ 95 മാസ്ക്
എൻ 95 മാസ്ക് ഒരു തവണമാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. എങ്കിലും വില കണക്കിലെടുത്ത് കൂടുതൽ തവണ എൻ 95 മാസ്ക് ഉപയോഗിക്കാനുള്ള ശാസ്ത്രീയമായ രീതി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിർദേശിച്ചിട്ടുണ്ട്. എൻ 95 മാസ്ക് അഞ്ചെണ്ണമെങ്കിലും ഒരുമിച്ചു വാങ്ങണം.
ഒരു തവണത്തെ ഉപയോഗത്തിനുശേഷം മലിനമായിട്ടില്ലെങ്കിൽ അതൊരു പേപ്പർ കവറിൽ സൂക്ഷിക്കണം. മറ്റു നാലു മാസ്കും ഇതേപോലെ സൂക്ഷിക്കാം. ശേഷം, ആറാം ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്കുപയോഗിക്കാം. അതിൽ കൂടുതൽ തവണയോ തുടർച്ചയായോ എൻ 95 മാസ്കുകൾ ഉപയോഗിക്കാൻ പാടില്ല.
ബ്ലാക്ക് ഫംഗസിനെയും തടയും
മാസ്കുകൾ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് രോഗവും തമ്മിൽ ബന്ധപ്പെടുത്തി അശാസ്ത്രീയമായ സന്ദേശങ്ങൾ പരക്കുന്നുണ്ട്. യഥാർഥത്തിൽ ബ്ലാക്ക് ഫംഗസ് ഉൾപ്പെടെയുള്ള രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്കുപയോഗിക്കുന്നത് നല്ലതാണ്.