ന്യൂഡൽഹി
കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച ബിജെപിക്കും കേന്ദ്രത്തിനും വരുത്തിയ രാഷ്ട്രീയനഷ്ടം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ യോഗം ചേര്ന്ന് സംഘപരിവാർ നേതാക്കൾ. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, ഉത്തർപ്രദേശിന്റെ സംഘടനാ ചുമതലയുള്ള ആർഎസ്എസ് നേതാവ് സുനിൽ ബൻസാൽ എന്നിവരും പങ്കെടുത്തു. വിശദമായ വിലയിരുത്തൽ നടത്താൻ യോഗം തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ സംഘപരിവാർ നേതൃത്വം അസ്വസ്ഥരാണ്. കേന്ദ്രത്തിനും വീഴ്ചയുണ്ടായെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അടുത്തിടെ തുറന്നുപറഞ്ഞു. ആദിത്യനാഥ് സർക്കാരിന്റെ പിടിപ്പുകേടിനെതിരെ കേന്ദ്രമന്ത്രി സന്തോഷ് ഗങ്വറും ബിജെപി എംപിമാരും അടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടമായി ഒഴുക്കിവിട്ടത് ലോകത്തിനു മുന്നിൽ രാജ്യത്തെ നാണംകെടുത്തി. യുപി ഗ്രാമങ്ങളിൽ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ആദിത്യനാഥ് സർക്കാർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കൂടുതൽ വാർത്തകൾ പുറത്തുവരുന്നത് തടയാനാണ് ശ്രമിക്കുന്നത്. എന്നാൽ, ജനവികാരം സർക്കാരിന് എതിരാണെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.