ന്യൂഡൽഹി
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ രാത്രി ചേർന്ന യോഗത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർടിയായ കോൺഗ്രസിന്റെ നേതാവ് അധിർരഞ്ജൻ ചൗധരി എന്നിവർ പങ്കെടുത്തു.
യുപി ഡിജിപി എച്ച് സി അവസ്തി, സശസ്ത്രസീമ ബല് ഡിജി കുമാര് രാജേഷ് ചന്ദ്ര, ആഭ്യന്തരമന്ത്രാലയ സ്പെഷ്യല് സെക്രട്ടറി വി എസ് കെ കൗമുദി എന്നിവരുടെ ചുരുക്കപ്പട്ടിക തയ്യാറായി.അവസ്തി നേരത്തെ സിബിഐയില് ജോയിന്റ് ഡയറക്ടര് പദവി അടക്കം വഹിച്ചിരുന്നു. രാജേഷ് ചന്ദ്ര ബിഹാര് കേഡറും വി എസ് കെ കൗമുദി ആന്ധ്രകേഡറുമാണ്.1984–-85–-86–-87 ബാച്ചുകളിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് പരിഗണിച്ചത്.
രാജ്യത്തെ അതിപ്രധാന തസ്തികയിലേക്ക് നിയമനം നടത്തുന്നതില് കേന്ദ്രം പുലര്ത്തുന്ന അയഞ്ഞ സമീപനത്തെ യോഗത്തില്‍ ശക്തമായി വിമര്ശിച്ചതായി അധിര്രഞ്ജന് ചൗധരി പറഞ്ഞു. “ഈ മാസം 11ന് 109 പേരുടെ പട്ടിക തന്നു, തിങ്കളാഴ്ച പകല് ഒരു മണിയോടെ പത്തുപേരുടെ പട്ടികയായി, നാലുമണിയോടെ പട്ടികയില് ആറുപേരായി. ഇത്തരം അയഞ്ഞ സമീപനം വച്ചുപുലര്ത്തരുത്.’ അധിര്രഞ്ജന് ചൗധരി പറഞ്ഞു.
ഫെബ്രുവരിയിൽ ഋഷികുമാർ ശുക്ല രണ്ടുവർഷ കാലാവധി പൂർത്തിയാക്കി വിരമിച്ച ശേഷം സിബിഐ ഡയറക്ടർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. 1988 ബാച്ച് ഐപിഎസുകാരനായ അഡീഷണൽ ഡയറക്ടർ പ്രവീൺ സിൻഹയ്ക്കാണ് നിലവിൽ ചുമതല.