ന്യൂഡൽഹി
റഷ്യയില് വികസിപ്പിച്ച കോവിഡ് വാക്സിന് ‘സ്പുട്നിക് വി’ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിൻ–- മരുന്ന് നിർമാണ കമ്പനികളിലൊന്നായ പനാക്കിയ ബയോടെക്കാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി (ആർഡിഐഎഫ്) ചേർന്ന് ഉൽപ്പാദനം തുടങ്ങിയത്. ആദ്യ ബാച്ച് റഷ്യയിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാകും വിപുലമായ ഉൽപ്പാദനം. പ്രതിവർഷം 10 കോടി ഡോസ് ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം. ആഗസ്ത് മുതൽ സ്പുട്നിക് ഇന്ത്യയിൽ പൂർണ തോതിൽ ഉൽപ്പാദിപ്പിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ബാല വെങ്കടേഷ് വർമ അറിയിച്ചു.
റഷ്യയിൽനിന്ന് രണ്ടു ലക്ഷത്തിലേറെ സ്പുട്നിക് ഡോസ് ഇന്ത്യയിലേക്ക് അയച്ചു. മുംബൈ കോർപറേഷന് സ്പുട്നിക് റഷ്യയിൽനിന്ന് നേരിട്ട് ലഭിക്കാൻ സാധ്യത തുറന്നു. രണ്ടു മാസത്തിനിടെ ഒരു കോടി ഡോസ് വാക്സിൻ നൽകാമെന്നാണ് റഷ്യന് ഉൽപ്പാദകരുടെ വാഗ്ദാനം. നിയമവശം പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു.