ന്യൂഡൽഹി
‘നാരദ’ കോഴക്കേസിൽ അറസ്റ്റിലായ മന്ത്രിമാരടക്കമുള്ള മുതിര്ന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളെ ജയിലില്നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെന്ന് സിബിഐ. അതിനാല് കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത തിങ്കളാഴ്ച കൽക്കട്ടാ ഹൈക്കോടതിയോട് അഭ്യര്ഥിച്ചു. എന്നാൽ, ഈ ആവശ്യം അഞ്ചംഗബെഞ്ച് തള്ളി. കേസ് പരിഗണിച്ച ബെഞ്ച് വാദംകേള്ക്കല് ബുധനാഴ്ചത്തേക്ക് മാറ്റി.
ബംഗാളില്‍ ബിജെപി കനത്ത തെരഞ്ഞെടുപ്പ് തോല്വി നേരിട്ടതിനു പിന്നാലെ മെയ് 17നാണ് മന്ത്രിമാരായ ഹിർഹാദ് ഹക്കീം, സുബ്രത മുഖർജി, എംഎൽഎ മദൻമിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെ കേന്ദ്ര ഏജന്സി അറസ്റ്റ് ചെയ്തത്. ജുഡീഷ്യല് കസ്റ്റഡിയിലായ ഇവര്ക്ക് ജാമ്യം അനുവദിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചില് ഭിന്നത ഉണ്ടായതോടെയാണ് കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. അഞ്ചംഗ ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതുവരെ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.