മനാമ: ഇന്ത്യ ഉള്പ്പെടെ അഞ്ചു രാജ്യങ്ങളെ ബഹ്റൈനില് റെഡ് ലിസ്റ്റില് ഉള്പ്പെടുത്തി. ഈ രാജ്യങ്ങളില് നിന്ന് വരുന്നവര്ക്ക് ഞായറാഴ്ച മുതല് നടപ്പാക്കിയ നിയന്ത്രണങ്ങള് തുടരും. എന്നാല് ചില നിബന്ധനകളില് മാറ്റം വരുത്തിയിട്ടുണ്ട്.
സന്ദര്ശക വിസയില് പ്രവേശനമില്ല. താമസവിസക്കാര്ക്കും ബഹ്റൈന് പൗരന്മാര്ക്കും മാത്രമാണ് പ്രവേശനം. ഇന്ത്യയില് നിന്ന് വരുന്ന ജിസിസി പൗരന്മാര്ക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുവെങ്കില് പുതിയ ഉത്തരവില് അവരെ ഒഴിവാക്കി. അതുപോലെ ബഹ്റൈനില് എത്തിയാല് മൂന്ന് കോവിഡ് ടെസ്റ്റ് എന്നത് രണ്ടാക്കി. വിമാനതാവളത്തില്വെച്ചും പത്താം നാളുമാണ് പരിശോധന ഉണ്ടാകുക.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളില് നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. താമസ സ്ഥലത്തോ അല്ലെങ്കില് സര്ക്കാര് അംഗീകൃത ഹോട്ടലിലോ 10 ദിവസം ക്വറന്റയ്ന് നിര്ബന്ധം.
റെഡ് ലിസ്റ്റില് ഉള്പ്പെടാത്ത രാജ്യങ്ങള്ക്കും സമാന വ്യവസ്ഥകള് ബാധകം. എന്നാല്, ബഹ്റൈനില് നിന്ന് ലഭിച്ച വാക്സിന് സര്ട്ടിഫിക്കേറ്റ് അല്ലെങ്കില് വാക്സിനേഷന് സര്ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാന് സമ്മതിച്ച രാജ്യങ്ങളില് നിന്ന് ലഭിച്ച സര്ട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവരെ ക്വറന്റയ്ന്, പിസിആര് ടെസ്റ്റ് എന്നിവയില് നിന്ന് ഒഴിവാക്കി. അമേരിക്ക, യുകെ, യൂറോപ്യന് യൂണിയന്, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്ഡ്, ദക്ഷിണ കൊറിയ, ജപ്പാന്, സിംഗപ്പൂര് എന്നിവിടങ്ങളില് നിന്നുള്ള വാക്സിന് സര്ട്ടിഫിക്കേറ്റുമായി വരുന്നവര്ക്ക് ക്വറന്റയ്ന് ഒഴിവാക്കി.