തിരുവനന്തപുരം > മാസ്ക്കുകളുടെ ഉപയോഗം കോവിഡ് രോഗവ്യാപനം തടയാന് ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാര്ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിനെ മാത്രമല്ല, വായു വഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാനും മാസ്ക്കുകള് സഹായകമാണ്. മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള് പിടിപെടാനും കാരണമാകുമെന്ന് ഓര്ക്കണമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
തുണി കൊണ്ടുള്ള മാസ്കുകള് ഉപയോഗിക്കുമ്പോള് അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില് ഉണക്കണം. മഴക്കാലത്താണെങ്കില് ഉണങ്ങിയാലും ഈര്പ്പം മുഴുവനായി കളയാന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം. സര്ജിക്കല് മാസ്ക്കുകള് ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതല് 8 മണിക്കൂര് വരെയാണ് പരമാവധി ഉപയോഗിക്കാന് കഴിയുക.
എന് 95 മാസ്കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. എങ്കിലും വില കണക്കിലെടുത്തുകൊണ്ട് കൂടുതല് തവണ എന് 95 മാസ്കുകള് ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി ആള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് നിര്ദ്ദേശിച്ചിട്ടുണ്ട്.
എന്95 മാസ്ക്കുകള് വാങ്ങുമ്പോള് 5 മാസ്ക്കുകള് എങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കില് ആ മാസ്ക്ക് ഒരു പേപ്പര് കവറില് സൂക്ഷിക്കുകയും ചെയ്യണം. മറ്റു നാലു മാസ്കുകള് കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്കുപയോഗിക്കാം. അതില് കൂടുതല് തവണയോ തുടര്ച്ചയായോ എന്95 മാസ്കുകള് ഉപയോഗിക്കാന് പാടില്ല.
മാസ്കുകള് ഇത്തരത്തില് ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില് വേണം ഉപയോഗിക്കാന്. മാസ്കുകള് ഉപയോഗിക്കുന്നതും ബ്ളാക് ഫംഗസ് രോഗവും തമ്മില് ബന്ധപ്പെടുത്തിക്കൊണ്ട് അശാസ്ത്രീയമായ സന്ദേശങ്ങള് പരക്കുന്നത് ശ്രദ്ധയില് പെട്ടിട്ടുണ്ട്. യഥാര്ഥത്തില് ബ്ളാക് ഫംഗസ് ഉള്പ്പെടെയുള്ള രോഗങ്ങളെ തടയാന് ശരിയായ രീതിയില് മാസ്കുകള് ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ട് മാസ്കുകള് കൃത്യമായി ഉപയോഗിക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.