കൊച്ചി
ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്താ പോർട്ടലുകൾക്കും നിരോധനമേർപ്പെടുത്തി. ‘ദ്വീപ് ഡയറി’ എന്ന ചാനലിനാണ് നിരോധനമെങ്കിലും മറ്റുള്ളവയ്ക്കും ഇത് ബാധകമാക്കും. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മീൻപിടിച്ച് ഉപജീവനം നടത്തിയിരുന്ന ലക്ഷദ്വീപിലെ ബോട്ടുകളും മീൻപിടിത്ത ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന ഷെഡുകളും അഡ്മിനിസ്ട്രേറ്ററുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി. കഴിഞ്ഞ മാസം അവസാനത്തോടെ ടൂറിസം പരിഷ്കാരങ്ങൾ എന്ന മറവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ജനദ്രോഹ നടപടികൾക്ക് തുടക്കമിട്ടത്. അഞ്ചുമാസംമുമ്പ് ചുമതലയേറ്റ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ വർഗീയ, കോർപറേറ്റ് താൽപ്പര്യങ്ങളോടെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ലക്ഷദ്വീപിൽ അശാന്തി വിതച്ച്, തനത് ജീവിതരീതികളെയും സംസ്കാരത്തെയും അട്ടിമറിക്കാനുള്ള നടപടികൾക്കെതിരെ രാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രതിഷേധമാണുയരുന്നത്.
ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എൽഎസ്എ) നേതൃത്വത്തിൽ ‘വിദ്യാർഥി വിപ്ലവം വീട്ടുപടിക്കൽ’ എന്ന പേരിൽ ദ്വീപുനിവാസികളെയാകെ അണിനിരത്തിയുള്ള പ്രക്ഷോഭം നാലുദിവസം പിന്നിട്ടു. തദ്ദേശീയ ക്ഷീരവ്യവസായത്തെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ജനങ്ങളേറ്റെടുത്തു. സിനിമാതാരം പൃഥ്വിരാജ് മുതൽ സംവിധായകൻ സലാം ബാപ്പുവരെ നിരവധിപേരാണ് ദ്വീപിന് പിന്തുണ പ്രഖ്യാപിച്ചത്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നൽകി.
കുറ്റകൃത്യങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത ലക്ഷദ്വീപിൽ ജനദ്രോഹകരമായ ഗുണ്ടാനിയമം നടപ്പാക്കിയാണ് പ്രഫുൽ പട്ടേൽ കഴിഞ്ഞ ഡിസംബറിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാരംഭിച്ചത്. മത്സ്യത്തൊഴിലാളികൾ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ പൊളിച്ചുനീക്കി. സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസംവകുപ്പിൽനിന്നുമാത്രം പുറത്തായത് 190 പേരാണ്. ദ്വീപുഭരണവിഭാഗത്തിലെ തദ്ദേശവാസികളായ വകുപ്പുതലവന്മാരെ ഒറ്റയടിക്ക് നീക്കി. സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. 38 അങ്കണവാടികൾ അടച്ചുപൂട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് രണ്ടിൽകൂടുതൽ കുട്ടികൾ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കി.
മദ്യനിരോധം നീക്കിയതാണ് മറ്റൊരു നടപടി. ബീഫ് നിരോധിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുക്കാതെ ഹൈവേ നിർമിക്കാനും നിർബന്ധപൂർവം കിടപ്പാടങ്ങൾ ഒഴിപ്പിച്ച് സ്ഥലമേറ്റെടുക്കാനും നീക്കം നടക്കുന്നു. ചരക്കുഗതാഗതത്തിന് കൊച്ചി തുറമുഖത്തെ ഒഴിവാക്കി മംഗളൂരുവിനെ ആശ്രയിക്കാനും നിർദേശിച്ചു. പ്രാദേശിക വാർത്താപോർട്ടലുകളെയും നിരോധിച്ചിട്ടുണ്ട്.
99 ശതമാനം മുസ്ലിങ്ങളുള്ള ദ്വീപിനെ വർഗീയ ലക്ഷ്യത്തോടെ വരുതിയിലാക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം. തീവ്രവാദപ്രവർത്തനങ്ങൾ ആരോപിച്ച് തദ്ദേശീയരുടെ സ്വൈരജീവിതം തകർക്കലാണ് പ്രധാനം. തദ്ദേശീയരെ കൂട്ടത്തോടെ ഒഴിപ്പിച്ച് ടൂറിസത്തിന്റെപേരിൽ വൻകിട കോർപറേറ്റുകൾക്ക് ദ്വീപ് കൈമാറാനുമാകും.