ന്യൂഡൽഹി
കോവിഡ് രോഗമുക്തരായവരിലും മറ്റും കണ്ടുവരുന്ന “ബ്ളാക് ഫംഗസ്’ എന്ന് വിളിക്കപ്പെടുന്ന “മ്യൂക്കർമൈക്കോസിസ്’ എന്ന പൂപ്പൽ രോഗം പകർച്ചവ്യാധിയല്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് ഉപയോഗിച്ചവരിലുമാണ് 90–-95 ശതമാനവും രോഗം കണ്ടുവരുന്നത്. ഓക്സിജൻ തെറാപ്പിയുമായി രോഗത്തിന് പ്രത്യക്ഷ ബന്ധമില്ല. ശുചിത്വം പാലിക്കുന്നതിലൂടെ രോഗം വരാതെനോക്കാം. ഓക്സിജൻ കോൺസന്റേറ്ററുകൾ ഉപയോഗിക്കുന്നവർ ഹ്യുമിഡിഫൈയർ തുടർച്ചയായി വൃത്തിയാക്കണം.
മ്യൂക്കർമൈക്കോസിസിനെ ബ്ളാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിങ്ങനെ നിറങ്ങളാൽ വിശേഷിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കൾച്ചർ ചെയ്യുമ്പോൾ വെളുത്ത പൂപ്പൽ മേഖലകളിൽ കറുത്ത പൊട്ടുകളുടെ സാന്നിധ്യമാണ് ബ്ലാക് ഫംഗസ് എന്ന് വിളിക്കപ്പെടാൻ കാരണം. കാൻഡിഡ, അസ്പർഗില്ലോസിസ്, ക്രിപ്റ്റോക്കോക്കസ് തുടങ്ങി വിവിധ പൂപ്പൽ രോഗങ്ങളുണ്ട്.
മ്യൂക്കർമൈക്കോസിസാണ് കൂടുതലായും കോവിഡ് ബാധിതരില് കണ്ടുവരുന്നത്. രോഗം ആഴ്ചകളോളം നീണ്ടുനിൽക്കാം. കോവിഡ് രോഗികളിൽനിന്ന് മാറ്റി ഇവർക്ക് പ്രത്യേകമായ ചികിത്സയാണ് ആശുപത്രികളിൽ നൽകേണ്ടത്.
പ്രമേഹമുള്ളവർക്കും സ്റ്റിറോയിഡുകൾ വേണ്ടിവന്നവർക്കും മ്യൂക്കർമൈക്കോസിസ് ലക്ഷണം പ്രകടമായാൽ വേഗത്തിൽ ഡോക്ടറുടെ ഉപദേശം തേടണം–- ഗുലേരിയ പറഞ്ഞു.കോവിഡ് മൂന്നാം വ്യാപനം കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്നതിന് സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞ ഫംഗസും
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമാകുന്നതിനിടെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൂടുതൽ ഗുരുതരമായ മഞ്ഞ ഫംഗസ് ബാധ റിപ്പോർട്ടു ചെയ്തു. ഗാസിയാബാദിലെ ആശുപത്രിയിൽ മഞ്ഞ ഫംഗസ് ബാധിതനായ രോഗി ചികിത്സയിലാണ്. ബ്ലാക്ക് ഫംഗസിലും വൈറ്റ് ഫംഗസിലും മാരകമാണ് മഞ്ഞ ഫംഗസ്. അലസത, വിശപ്പ് കുറവ്, ശരീരഭാരം കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗുരുതരമായ സന്ദർഭങ്ങളിൽ പഴുപ്പുണ്ടാകുക, മുറിവുകൾ ഉണങ്ങാൻ വൈകുക, അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതാകുക തുടങ്ങിയവ സംഭവിക്കാം.