വാഷിങ്ടൺ
അമേരിക്കൻ ഭരണകൂടത്തിന്റെ വംശീയതയിൽ ശ്വാസം മുട്ടി പിടിഞ്ഞു മരിച്ച കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിന്റെ ഓർമകൾക്ക് ചൊവ്വാഴ്ച ഒരു വർഷം. മിനിയാപോളിസിലെ വെള്ളക്കാരനായ പൊലീസുകാരൻ ഡെറിക് ഷോവിൻ ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊന്നത് കഴിഞ്ഞവർഷം മെയ് 25ന്. ‘എനിക്ക് ശ്വാസം മുട്ടുന്നു, ശ്വസിക്കാനാകുന്നില്ല’ എന്ന ഫ്ലോയിഡിന്റെ വാക്കുകൾ ലോകത്താകമാനം ബ്ലാക്ക് ലെെവ്സ് മാറ്റർ(കറുത്തവരുടെ ജീവന് വിലയുണ്ട്) എന്ന പ്രക്ഷോഭമുദ്രാവാക്യമായി വളർന്നു.
ഫ്ലോയിഡിന്റെ ഓർമ പുതുക്കാൻ അദ്ദേഹത്തിന്റെ കുടുംബവും പൊലീസ് കൊലപ്പെടുത്തിയ മറ്റു രണ്ടു പേരുടെ ബന്ധുക്കളടക്കം നൂറുകണക്കിനാളുകൾ ഞായറാഴ്ച രാത്രി മിനിയാപോളിസിൽ വിചാരണക്കോടതിക്കു മുന്നിൽ ഒത്തുചേർന്നു. പൊലീസ് കൊന്ന കറുത്ത വംശജരുടെ ചിത്രങ്ങളുമേന്തി ‘നീതിയില്ലെങ്കിൽ സമാധാനമില്ല’ എന്ന മുദ്രാവാക്യം മുഴക്കി. ഗവർണർ ടിം വാൾസ്, മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ, സെന്റ് പോൾ മേയർ മെൽവിൻ കാർട്ടർ എന്നിവർ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.
‘ഞങ്ങളുടെ ജീവിതം കണ്ണ് ചിമ്മുന്ന സമയംകൊണ്ട് മാറിമറിഞ്ഞു. എന്തുകൊണ്ടെന്ന് ഇപ്പോഴും അറിയില്ല’– ഫ്ലോയിഡിന്റെ സഹോദരി ബ്രിജെറ്റ് പറഞ്ഞു. അമേരിക്കയുടെ വിവിധ നഗരങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലോയിഡ് അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ ഡെറിക് ഷോവിനെ കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തിയിട്ടുണ്ട്. 75 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.