ന്യൂഡൽഹി
വാക്സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നതോടെ ഡൽഹി, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്ക്ക് പുറമേ ജാർഖണ്ഡും യുവജനങ്ങള്ക്കുള്ള കുത്തിവയ്പ് നിര്ത്തി. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിന് കൈമാറില്ലെന്ന് മൊഡേണയ്ക്ക് പിന്നാലെ ഫൈസറും വ്യക്തമാക്കി. കേന്ദ്രസര്ക്കാരുമായി മാത്രമേ വാക്സിന് കൈമാറ്റം ഉണ്ടാകൂവെന്ന് രണ്ട് യുഎസ് കമ്പനിയും വെളിപ്പെടുത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇതോടെ കേന്ദ്രം വാക്സിന് ഇറക്കുമതിചെയ്ത് സംസ്ഥാനങ്ങൾക്ക് നല്കണമെന്ന ആവശ്യം ശക്തമായി. ഞായറാഴ്ച 8.96 ലക്ഷം മാത്രമായിരുന്നു കുത്തിവയ്പ്. തിങ്കളാഴ്ച 20 ലക്ഷമായി. രാജ്യത്ത് ആകെ വാക്സിൻ കുത്തിവയ്പ് 19.43 കോടിയായി.
രജിസ്ട്രേഷനില്ലാതെയും കുത്തിവയ്പ്
18–-44 പ്രായക്കാർക്ക് കോവിൻ പോർട്ടലിൽ രജിസ്റ്റര് ചെയ്യാതെ നേരിട്ടെത്തി വാക്സിന് എടുക്കാന് അവസരം നല്കി. ഓൺലൈനായി രജിസ്റ്റർ ചെയ്ത് സമയം ലഭിച്ചവര് എത്തിയില്ലെങ്കില് വാക്സിനുകൾ പാഴാകാതിരിക്കുന്നതിനാണ് പുതിയ പരിഷ്കാരം. ഇത്തരത്തിൽ ബാക്കി വരുന്നവ നേരിട്ടെത്തുന്നവര്ക്ക് അപ്പോള്ത്തന്നെ രജിസ്ട്രേഷൻ അനുവദിച്ച് കുത്തിവയ്ക്കാം. സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാകും ഈ സൗകര്യം. സ്വകാര്യ കേന്ദ്രങ്ങളിൽ ഓൺലൈൻ രീതി തുടരും.