ന്യൂഡല്ഹി > രാജ്യത്തെ കോവിഡ് വാക്സിന് നയത്തില് മാറ്റംവരുത്തി കേന്ദ്രസര്ക്കാര്. 18നും 45നും ഇടയില് പ്രായമുള്ളവര്ക്ക് ഇനി മുതല് വാക്സിനേഷന് കേന്ദ്രങ്ങളില് നേരിട്ടെത്തി രജിസ്റ്റര് ചെയ്യാം. സര്ക്കാര് വാക്സിന് കേന്ദ്രങ്ങളില് മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില് നിലവിലുള്ളതുപോലെ ഓണ്ലൈന് രജിസ്ട്രേഷന് വഴി മാത്രമായിരിക്കും നിലവില് വാക്സിന് വിതരണം.
ഓണ്ലൈന് രജിസ്ട്രേഷന് എടുത്തവര് നിശ്ചയിച്ച ദിവസം വാക്സിനേഷനായി എത്താത്തതുമൂലം വാക്സിന് ഡോസുകള് പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനുകൂടിയാണ് സ്പോട് രജിസ്ട്രേഷന് അനുവദിക്കാന് തീരുമാനിച്ചത്. പുതുക്കിയ നിര്ദേശമനുസരിച്ച് രജിസ്റ്റര് ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിന് നേരിട്ടെത്തുന്നവര്ക്ക ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സ്പോട്ട് രജിസ്ട്രേഷന് ഏര്പ്പെടുത്തുമ്പോള് കേന്ദ്രങ്ങളില് ആള്ക്കൂട്ടം ഉണ്ടാകാതിരിക്കാന് വളരെയധികം ശ്രദ്ധചെലുത്തണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കി. നേരത്തെ ഓണ്ലൈന് രജിസ്ട്രേഷന് വഴി മാത്രം വാക്സിന് വിതരണം നടത്താനുള്ള തീരുമാനം വാക്സിന് കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറച്ചതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്ക്കാരുകള് തീരുമാനിക്കുന്നതു അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര് ചെയ്യുന്നതിനുള്ള അനുമതി.