കോഴിക്കോട് > ഇ ഡി രാഷ്ട്രീയ എതിരാളികളെ കുരുക്കാനുള്ള ഏജന്സിയായി മാറിയതായി എല്ജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര് എം പി പറഞ്ഞു. പരാതി നല്കിയിട്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊടകരയില് കൊള്ളയടിച്ച കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാത്തത് അത്ഭുതമാണ്. ബിജെപിയുടെ കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്ത് ശ്രേയാംസ് പറഞ്ഞു.
കൊടകരയില് കൊള്ളയടിച്ച കള്ളപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിഞ്ഞതായി സലീം മടവൂര് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് ഏപ്രില് 26ന് പരാതി നല്കി. പൊലീസ് ഒരു കോടിയുടെ കള്ളപ്പണം പ്രതികളില് നിന്നും പിടിച്ചിട്ടും ഇഡി അനങ്ങാപ്പാറ നയമാണ് പിന്തുടരുന്നത്. ബിജെപി നേതാക്കളുടെ സമ്മര്ദ്ദത്തെത്തുടര്ന്നാണ് ഇ ഡി, അന്വേഷണത്തിന് തയാറാവാത്തതെന്നും സലീം പറഞ്ഞു.
എല്വൈജെഡി സംസ്ഥാന പ്രസിഡണ്ട് പി കെ പ്രവീണ് അധ്യക്ഷനായി. ജയന് വെസ്റ്റ്ഹില്, അരങ്ങില് ഉമേഷ്, ടി പി ബിനു, എസ് കെ ഇംത്യാസ്, കെ ബി ജയാനന്ദ്, ഗഫൂര് മണലൊടി, മനീഷ് കുളങ്ങര, കെ സര്ജാസ് തുടങ്ങിയവര് പങ്കെടുത്തു. സംസ്ഥാന കമ്മറ്റി അംഗം സുനില് ഓടയില് സ്വാഗതം പറഞ്ഞു. എല്ജെഡി ജില്ലാകമ്മിറ്റി ഓഫീസായ ഗാന്ധിഭവനിലായിരുന്നു ഉപവാസം.