ന്യൂഡൽഹി
രാജ്യത്ത് വാക്സിൻ സ്ഥിതി വഷളാക്കിയത് കേന്ദ്രത്തിന്റെ തെറ്റായ തീരുമാനങ്ങളും ആസൂത്രണമില്ലായ്മയുമാണെന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ട് ഡയറക്ടർ സുരേഷ് ജാദവിന്റെ തുറന്നുപറച്ചിലില് വിശദീകരണവുമായി കമ്പനി. ജാദവ് പറഞ്ഞത് കമ്പനിയുടെ കാഴ്ചപ്പാടല്ലെന്ന് ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിൽ സിറം ഇന്സ്റ്റിറ്റ്യൂട്ട് പറയുന്നു.
സർക്കാരുമായി ചേർന്ന് വാക്സിൻ ഉൽപ്പാദനം പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കത്തിൽ പറഞ്ഞു.
ജാദവിന്റെ പരാമര്ശം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ രാജിക്കായി സാമൂഹ്യമാധ്യമങ്ങളില് പ്രചാരണം ശക്തമായതോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രംഗപ്രവേശം.
മുൻഗണനാ വിഭാഗങ്ങളെ കണക്കാക്കി വാക്സിൻ വിതരണം ആസൂത്രണം ചെയ്തതിൽ ഡബ്ല്യുഎച്ച്ഒ മാർഗനിർദേശം കേന്ദ്രം ലംഘിച്ചതാണ് സ്ഥിതി വഷളാക്കിയതെന്ന് സുരേഷ് ജാദവ് പറഞ്ഞു. വാക്സിൻ സ്റ്റോക്ക് കണക്കാക്കാതെ കേന്ദ്രം തീരുമാനമെടുത്തുവെന്നും ജാദവ് പറഞ്ഞു.