തിരുവനന്തപുരം
രമേശ് ചെന്നിത്തലയെ അവസാനനിമിഷം വെട്ടി പ്രതിപക്ഷനേതൃസ്ഥാനം കരസ്ഥമാക്കിയ വി ഡി സതീശൻ തലസ്ഥാനത്തെത്തി മുതിർന്ന നേതാക്കളെ കണ്ടു. കെ സി വേണുഗോപാലിനെ വീട്ടിലെത്തി കണ്ടശേഷമാണ് സതീശൻ മറ്റ് നേതാക്കളെ സന്ദർശിച്ചത്. ചെന്നിത്തലയെ സന്ദർശിക്കാൻ സതീശൻ കൂട്ടാക്കിയില്ല. ഇരുവരും മണ്ഡലങ്ങളിൽ ആയതിനാൽ അടുത്തദിവസം സന്ദർശിക്കുമെന്നാണ് വിശദീകരണം.
മുതിർന്ന നേതാക്കളെയും പുതുനിരയെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം, മുതിർന്ന നേതാക്കളിൽ വി എം സുധീരൻ മാത്രമാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ചത്. ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്ന് സുധീരൻ പറഞ്ഞു.
സുധീരൻ ഒഴികെയുള്ളവർ ഗ്രൂപ്പ് യാഥാർഥ്യമാണെന്ന നിലപാട് ആവർത്തിച്ചു. ഒറ്റയടിക്ക് ഗ്രൂപ്പ് ഇല്ലാതാക്കൽ ലക്ഷ്യമല്ലെന്നാണ് വേണുഗോപാൽ പ്രതികരിച്ചത്. കെപിസിസി ആസ്ഥാനത്തെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച സതീശൻ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, മുതിർന്ന നേതാവ് -തെന്നല ബാലകൃഷ്ണപിള്ള എന്നിവരെയും കണ്ടു.