മുംബൈ
അറബിക്കടലിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച 30 പേരുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
ചില മൃതദേഹം അഴുകുകയും ചിലതിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് തിരിച്ചറിയാൻ സാധിക്കാത്തത്. മൃതദേഹത്തിൽനിന്നും മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളിൽനിന്നും രക്തസാമ്പിൾ ശേഖരിച്ച് സാന്തക്രൂസിലെ കലിന ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചതായി മുംബൈ പൊലീസ് വക്താവ് പറഞ്ഞു. മൂന്നു ദിവസത്തിനകം പരിശോധന പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിച്ചവർ കോവിഡ് ബാധിതരായിരുന്നോ എന്നറിയാൻ ആർടിപിസിആർ പരിശോധനയും നടത്തും.
പി305 ബാർജ് അപകടത്തിൽ മരിച്ച 61 പേരുടെ മൃതദേഹം നാവികസേന ഇതിനകം കണ്ടെടുത്തു. 28 പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി.