ന്യൂഡൽഹി
ഡാറ്റാ സര്വറുകളിലുണ്ടായ സൈബർ ആക്രമണത്തില് ലോകമെമ്പാടുമുള്ള 45 ലക്ഷം ഉപയോക്താക്കളുടെ നിർണായക വ്യക്തിഗതവിവരം ചോര്ന്നതായി വെളിപ്പെടുത്തി എയര് ഇന്ത്യ. 2011 ആഗസ്ത് 26 മുതൽ 2021 ഫെബ്രുവരി മൂന്നുവരെ എയർ ഇന്ത്യയുടെ വെബ്സൈറ്റില് അക്കൗണ്ടുള്ള ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, പാസ്പോർട്, ക്രെഡിറ്റ്കാർഡ് വിവരങ്ങളാണ് ചോർത്തിയത്. എയർ ഇന്ത്യ യാത്രക്കാരുടെ ഡാറ്റ കൈകാര്യം ചെയ്യുന്നത് ബഹുരാഷ്ട്ര ഐടി–-ടെലികമ്യൂണിക്കേഷൻസ് കമ്പനിയായ സിറ്റയാണ്.
സിറ്റയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിലാണ് എയർ ഇന്ത്യ സൈറ്റിലെ വിവരം ചോര്ന്നത്. ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡുകളുടെ സിവിവി/സിവിസി നമ്പരുകൾ ഈ സൈറ്റില് നല്കിയിട്ടില്ലാത്തതിനാല് അവ സുരക്ഷിതമാണെന്നും എയര് ഇന്ത്യ അറിയിച്ചു. ഫെബ്രുവരി 25നാണ് ചോര്ച്ച ശ്രദ്ധയില്പ്പെട്ടത്.
സിംഗപ്പുർ എയര്ലൈന്സ്, ലുഫ്താൻസ, യുണൈറ്റഡ് എയർലൈൻസ് എന്നീ വ്യോമയാന കമ്പനികളുടെ യാത്രക്കാരുടെ വിവരവും കൈകാര്യം ചെയ്യുന്നതും സിറ്റയാണ്. ഇവയുടെ ഉപയോക്താക്കളുടെയും വിവരവും നഷ്ടപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്ട്ട്. ബ്രിട്ടീഷ് എയർവേയ്സിലെ നാലുലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ 2018ല് ഇത്തരത്തില് ചോര്ന്നിരുന്നു. ഇതേ തുടര്ന്ന് യുകെ ഇൻഫർമേഷൻ കമീഷൻ ഓഫീസ്, ബ്രിട്ടീഷ് എയർവേയ്സിന് 180 കോടി രൂപ പിഴ ചുമത്തി.