ഉന്നാവ്
ഉത്തർപ്രദേശിൽ പച്ചക്കറിവിൽപ്പനക്കാരനെ പൊലീസുകാർ തല്ലിക്കൊന്നു. കോവിഡ് കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ പൊലീസുകാർ തല്ലിക്കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച ഉന്നാവ് ജില്ലയിലെ ഭട്പുരിയിലാണ് സംഭവം. രണ്ട് പൊലീസുകാർക്കും ഒരു ഹോംഗാർഡിനും എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വീടിനു മുന്നിൽ പച്ചക്കറി വിൽക്കുകയായിരുന്ന യുവാവിനെ കോവിഡ് നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ച് പൊലീസുകാർ വടി ഉപയോഗിച്ച് മർദിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വച്ചും ക്രൂരമായി മർദിച്ചു. അബോധാവസ്ഥയിലായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് റോഡടക്കം ഉപരോധിച്ചു. തുടർന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസിപി ഷാഹി ശേഖർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കോൺസ്റ്റബിൾമാരായ വിജയ് ചോധരിയെയും സീമാവത്തിനെയും സസ്പെൻഡ് ചെയ്തു. ഹോം ഗാർഡ് സത്യപ്രകാശിനെ പുറത്താക്കി.