വാഷിങ്ടൺ
ഇന്ത്യ നേരിടുന്ന കോവിഡ് ദുരന്തം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തികവിദഗ്ധ ഗീത ഗോപിനാഥ്, സാമ്പത്തിക വിദഗ്ധൻ രുചിർ അഗർവാൾ എന്നിവർ പറഞ്ഞു. ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി മൂർധന്യത്തിൽ എത്തിയെന്ന് പറയാനാകില്ലെന്നും ഇരുവരും ചേർന്നെഴുതിയ റിപ്പോർട്ടിൽ പറയുന്നു.
‘വർഷാവസാനത്തോടെ ഇന്ത്യൻ ജനസംഖ്യയുടെ 35 ശതമാനത്തിനു മാത്രമേ വാക്സിൻ ലഭിച്ചിട്ടുണ്ടാകൂ. ബ്രസീലിനു പിന്നാലെ, ഇന്ത്യയും നേരിടുന്ന രണ്ടാം തരംഗം സ്ഥിതിഗതികൾ ഇനിയും മോശമാകാമെന്നതിന്റെ സൂചനയാണ്. വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിലും ഇന്ത്യ പ്രതിസന്ധി നേരിടുന്നു. 18–- 44 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് രാജ്യത്തിന്റെ ജിഡിപിയുടെ 0.25 ശതമാനം ചെലവഴിക്കേണ്ടിവരും.
വർഷാവസാനത്തോടെ ലോകജനതയുടെ 40 ശതമാനത്തിനും 2022 ജൂണോടെ 60 ശതമാനത്തിനും വാക്സിൻ ഉറപ്പാക്കാൻ 5000 കോടി ഡോളറിന്റെ ‘ആഗോള വാക്സിൻ പദ്ധതി’യും ഐഎംഎഫ് മുന്നോട്ടുവച്ചു.