ന്യൂഡൽഹി
അലോപ്പതിക്കെതിരെ അശാസ്ത്രീയ പ്രചാരണം നടത്തുന്ന ബാബ രാംദേവിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടി എടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന, “അലോപ്പതി ചികിത്സ വിവേകശൂന്യമാണെന്നും ലക്ഷക്കണക്കിനാളുകളാണ് അലോപ്പതി മരുന്ന് കഴിച്ച് മരിക്കുന്നതെന്നും’ രാംദേവ് പറയുന്ന വീഡിയോയും ഐഎംഎ ചൂണ്ടിക്കാട്ടി. അതിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള റെംഡെസിവിർ അടക്കമുള്ള മരുന്നുകൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയമാണെന്നും രാംദേവ് പറയുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് ഇയാൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കണം. കേന്ദ്ര ആരോഗ്യമന്ത്രി നടപടിയെടുക്കുന്നില്ലെങ്കിൽ സത്യം സാധാരണ ജനങ്ങളിലെത്തിക്കാൻ നിയമനടപടി അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും ഐഎംഎ വ്യക്തമാക്കി.