ഐക്യരാഷ്ട്ര കേന്ദ്രം
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയ്ക്ക് 1.86 കോടി ഡോളറിന്റെ (ഏകദേശം 135.61 കോടി) അടിയന്തര സഹായം അനുവദിച്ച് യുഎൻ. അണ്ടർ സെക്രട്ടറി ജനറൽ മാർക്ക് ലോകോക്ക് കഴിഞ്ഞയാഴ്ച 1.41 കോടി ഡോളർ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 45 ലക്ഷം ഡോളർ കൂടി അനുവദിച്ചതെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. ഭക്ഷണം, കോവിഡ് വാക്സിൻ, മറ്റ് മരുന്നുകൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ എന്നിവയടങ്ങിയ 13 ട്രക്ക് സംഘർഷത്തിനിടെ ഗാസയിൽ എത്തിച്ചിരുന്നു.
അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ‘ഗാസയിലെ വിജയത്തിൽ’ പലസ്തീൻകാരെ അനുമോദിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണമെന്നും വെള്ളിയാഴ്ച പലസ്തീൻ ജനതയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാർ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മധ്യസ്ഥരാഷ്ട്രമായ ഈജിപ്തിന്റെ വിദേശമന്ത്രി സമേയ് ഷുക്രി ഇസ്രയേൽ വിദേശമന്ത്രിയുമായി ചർച്ച നടത്തി. ഗാസയിലേക്ക് ഈജിപ്ത് 130 ട്രക്ക് അവശ്യവസ്തുക്കൾ അയച്ചു. വെടിനിർത്തലിനെ തുടർന്ന് പലസ്തീൻകാർ ആഘോഷം തുടരുകയാണ്. 11 ദിവസം നീണ്ട സംഘർഷത്തിൽ ഗാസയിൽ 243 പേരും ഇസ്രയേലിൽ 13 പേരും കൊല്ലപ്പെട്ടു.