പുതുച്ചേരി
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച് 21 ദിവസം കഴിഞ്ഞിട്ടും പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കാനാകാതെ ബിജെപി സഖ്യം. ഒപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ മന്ത്രിസഭ നിലവിൽ വന്നെങ്കിലും ഇവിടെ സഖ്യകക്ഷിയുടെ കാരുണ്യത്തിന് കാത്തുനിൽക്കുകയാണ് ബിജെപി. മന്ത്രിസഭാ രൂപീകരണം നീളുന്നതിൽ ബിജെപി ദേശീയ നേതൃത്വം അതൃപ്തിയിലാണ്.
ഉപമുഖ്യമന്ത്രി സ്ഥാനമടക്കം മൂന്നു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ബിജെപി ആവശ്യപ്പെട്ടതാണ് മന്ത്രിസഭാ രൂപീകരണത്തിലെ പ്രധാന തടസ്സം. ഇത് അനുവദിക്കാൻ എൻആർ കോൺഗ്രസ് തയ്യാറല്ല. കോവിഡ് ഭേദമായ മുഖ്യമന്ത്രി എൻ രങ്കസ്വാമി വീട്ടുനിരീക്ഷണം കഴിഞ്ഞ് തിങ്കളാഴ്ചയേ പുറത്തിറങ്ങൂ. ഇതിനുശേഷം സമവായത്തിനാണ് ബിജെപി നീക്കം. എന്നാൽ, ബിജെപിയുടെ ആവശ്യങ്ങൾക്ക് വഴങ്ങണ്ട എന്ന നിലപാടിലാണ് എൻആർ കോൺഗ്രസ്.
എൻആർ കോൺഗ്രസ്– -10, ബിജെപി–-6, ഡിഎംകെ–-6, കോൺഗ്രസ്– 2, സ്വതന്ത്രർ–-6 എന്നിങ്ങനെയാണ് കക്ഷിനില. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പേ മൂന്നു ബിജെപിക്കാരെ എംഎൽഎമാരായി കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരണം അവശേഷിച്ച ഏക പ്രദേശമായിരുന്നു പുതുച്ചേരി. കോൺഗ്രസ് മന്ത്രിയെയും എംഎൽഎമാരെയും വിലയ്ക്കെടുത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടാണ് ബിജെപി അക്കൗണ്ട് തുറന്നത്. എൻആർ കോൺഗ്രസുമായുണ്ടാക്കിയ സഖ്യമാണ് ബിജെപിയെ തുണച്ചത്.