ന്യൂഡൽഹി
നയങ്ങളില് മാറ്റം വരുത്താതെ നേതാക്കളെ മാറ്റി പരീക്ഷിച്ചുള്ള നീക്കം മിക്ക സംസ്ഥാനത്തും കോൺഗ്രസ് പയറ്റി തോറ്റത്. രാഹുൽ ഗാന്ധി അധ്യക്ഷനായശേഷം പല സംസ്ഥാനങ്ങളിലും പുതുതലമുറ നേതാക്കളെ തലപ്പത്ത് എത്തിച്ചെങ്കിലും എവിടെയും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അസം, ഗുജറാത്ത്, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേത് ഇത്തരം പാളിയ പരീക്ഷണങ്ങൾക്ക് ഉദാഹരണം. തലമുറമാറ്റം അവകാശപ്പെട്ടാണ് രാഹുൽ 2017ൽ ദേശീയ അധ്യക്ഷപദവി ഏറ്റെടുത്തത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ സ്ഥാനം ഒഴിഞ്ഞു.
ഗുജറാത്തിലെ പാഠം
യുവനേതാവായ ഭരത് സിങ് സോളങ്കിയെ പിസിസി അധ്യക്ഷസ്ഥാനം ഏൽപ്പിച്ചാണ് 2017ല് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. ഹാർദിക്ക് പട്ടേൽ, ജിഗ്നേഷ് മെവാനി, അൽപേഷ് ഠാക്കൂർ എന്നീ യുവനേതാക്കളെയും അണിനിരത്തി. മൃദുഹിന്ദുത്വത്തിൽ ഊന്നി തെരഞ്ഞെടുപ്പ് നേരിട്ടു. അധികാരം പിടിക്കാനായില്ല. പിന്നാലെ അധ്യക്ഷനായി അമിത് ചാവ്ഡയെത്തി. പരേഷ് ധനാനി പ്രതിപക്ഷ നേതാവായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചിത്രം വീണ്ടും ദയനീയമായി. തദ്ദേശതെരഞ്ഞെടുപ്പിലും തോൽവി ആവർത്തിച്ചതോടെ ചാവ്ഡയും ധനാനിയും രാജിവച്ചു. ഇപ്പോൾ പുതിയ നേതൃത്വത്തെ കാത്തിരിക്കുകയാണ് ഗുജറാത്ത് കോൺഗ്രസ്.
വീണ്ടും തലമാറട്ടെ
അസമിൽ യുവനേതാവ് റിപുൻ ബോറയെ പിസിസി അധ്യക്ഷനാക്കി രാഹുൽ നടത്തിയതും സമാന പരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യം രൂപീകരിച്ചിട്ടും പാളി. ബോറ രാജിവച്ചു. ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പിസിസി അധ്യക്ഷസ്ഥാന് അശോക് തൻവറിനെ നീക്കി കുമാരി ഷെൽജയെ നിയമിച്ചു. നിയമസഭാ കക്ഷി നേതാവായി പഴയ പടക്കുതിര ഭൂപീന്ദർ ഹൂഡയെ വീണ്ടും നിയമിച്ചു. ഒരു കാര്യവുമുണ്ടായില്ല. ബിജെപി വീണ്ടും സർക്കാരുണ്ടാക്കി.
ഡൽഹിയിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അഴിച്ചുപണിയുണ്ടായി. ഇവിടെ പഴയ തലമുറയിലേക്കായിരുന്നു മാറ്റം. അജയ് മാക്കനെ പിസിസി അധ്യക്ഷപദവിയിൽനിന്ന് നീക്കി ഷീലാ ദീക്ഷിതിനെ തിരികെ കൊണ്ടുവന്നു. ഡൽഹിയുടെ ചുമതലക്കാരനായ പി സി ചാക്കോയുടെ താൽപ്പര്യം മാനിക്കാതെയായിരുന്നു നീക്കം. വീണ്ടും ദയനീയ തോല്വി. ബിജെപിയുടെ ബി ടീമായി പിന്തുടരുന്ന നയങ്ങൾ മാറ്റാതെ നേതാക്കളെ മാറ്റിയിട്ട് കാര്യമില്ലെന്നതാണ് അനുഭവങ്ങളില്നിന്ന് കോണ്ഗ്രസ് പഠിക്കാത്ത പാഠം.