ആലപ്പുഴ
തീരദേശ വികസനത്തിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ശനിയാഴ്ച ആലപ്പുഴ ബിഷപ് ഹൗസിൽ ബിഷപ് ജെയിംസ് ആനാപറമ്പിലുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശത്തിന്റെ സ്ഥിതി കഴിഞ്ഞ സർക്കാർ വിശദമായി പഠിച്ച് പദ്ധതികൾ തയ്യാറാക്കിയിരുന്നു. കോവിഡ്, പ്രളയം എന്നീ സാഹചര്യങ്ങളാൽ നിശ്ചയിക്കപ്പെട്ട പലകാര്യങ്ങളും നടന്നില്ല. അഞ്ചുവർഷംകൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. തീരസംരക്ഷണം ഏറ്റവും അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രശ്നമാണ്. പഠനം, ആരോഗ്യ പരിപാലനം, മാലിന്യ സംസ്കരണം തുടങ്ങി തീരദേശവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതി തയ്യാറാക്കും.
തീരദേശത്തുള്ള എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാവരുമായും ചർച്ചചെയ്ത് കാഴ്ചപ്പാട് ഉണ്ടാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് നിലപാടെടുത്ത് മുന്നോട്ടുപോകും. കഴിഞ്ഞ ബജറ്റിൽ വലിയതുകയാണ് മത്സ്യമേഖലയ്ക്ക് അനുവദിച്ചിച്ചത്. 5000 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. തീരത്തിനായി 1000 കോടിരൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു. തീരം സംരക്ഷിക്കാൻ ഫലപ്രദവും ശാസ്ത്രീയവുമായ പദ്ധതി ആവിഷ്കരിക്കണം. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചിവരെയുള്ള 18 കിലോമീറ്റർ തീരത്തിന്റെ വീണ്ടെടുപ്പിന് തയ്യാറാക്കിയ ജനകീയരേഖ മന്ത്രിക്ക് സമർപ്പിച്ചു. പകൽ രണ്ടോടെയെത്തിയ മന്ത്രിയെ ബിഷപ് പൊന്നാടയണിയിച്ച് സ്വീകരിച്ചു,