കൊൽക്കത്ത
നന്ദിഗ്രാമിൽ തോറ്റെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റ മമത ബാനർജി തന്റെ സുരക്ഷിത മണ്ഡലമായ ഭവാനിപ്പുരിൽനിന്ന് വീണ്ടും മത്സരിക്കാൻ വഴിയൊരുക്കി. മുതിർന്ന തൃണമൂൽ നേതാവും നിലവിൽ കൃഷിമന്ത്രിയുമായ സൊവാൻദേബ് ചതോപാധ്യായ ഭവാനിപ്പുർ നിയമസഭാംഗത്വം രാജിവച്ചു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സ്പീക്കർ ബിമൻ ബന്ദോപാധ്യായയ്ക്ക് രാജിക്കത്ത് നൽകി. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടില്ല.
സൊവാൻദേബ് സ്വന്തം ഇഷ്ടപ്രകാരം എംഎൽഎ സ്ഥാനം ഒഴിഞ്ഞതാണെന്നും മമത ഇവിടെ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറുമാസത്തിനകം നിയമസഭാംഗത്വം നേടേണ്ടതുണ്ട്.
തൃണമൂൽ നേതാവ് കാജൽ സിൻഹ കോവിഡ് ബാധിച്ച് മരിച്ചതിനാൽ ഉപതെരഞ്ഞെടുപ്പ് വരുന്ന ഖർഡാ മണ്ഡലത്തിൽനിന്ന് സൊവാൻദേബ് വീണ്ടും മത്സരിച്ചേക്കും. ബിജെപിയുടെ രുദ്രാണി ഘോഷിനെയാണ് സൊവാൻദേബ് ഭവാനിപ്പുരിൽ പരാജയപ്പെടുത്തിയത്. 2011ലും 2016ലും ഇവിടെ മമത ജയിച്ചിരുന്നു.