റിയാദ്> സൗദി അംഗീകരിച്ച കോവിഡ് വാക്സിനെടുത്ത് രാജ്യത്ത് എത്തുന്ന വിദേശികളെ ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റയ്നില്‍ നിന്നും ഒഴിവാക്കി. വാക്സിന് രണ്ടു ഡോസും പൂര്‍ത്തിയാക്കിയ പ്രവാസികള്‍ യാത്രക്ക് മുമ്പായി തങ്ങളുടെ വാക്സിനേഷന് വിവരം മുഖീം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാക്സിന് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
സൗദിയില്‍ അംഗീകാരമുള്ള ഫൈസര്‍ ബയോട്ടിക്, ഓക്സ്ഫഡ് ആസ്ട്ര സെനക -കോവിഷീല്‍ഡ്, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസും ജോണ്സന് ആന്റ് ജോണ്സണ് വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് അനുമതി. അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്യുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ ഹാജരാക്കണം.
യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്നുള്ള, അംഗീകൃത വാക്സിന് എടുക്കാത്തവര്‍ക്ക് വ്യാഴാഴ്ച മുതല്‍ സൗദിയില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാണ്. ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള 20 രാജ്യക്കാര്‍ക്ക് മറ്റു ഇതര രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റയ്ന്‍ പൂര്‍ത്തിയാക്കി സൗദിയില്‍ പ്രവേശിക്കാം.