ന്യൂഡൽഹി
ബ്ലാക്ക്ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) ശ്രദ്ധയിൽപെടുത്തേണ്ട രോഗമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും നിർദേശം നൽകി. അപൂർവവും മാരകവുമായ അസുഖത്തിനെ പകർച്ചവ്യാധി നിയമപ്രകാരം അറിയിക്കേണ്ടതായി പ്രഖ്യാപിക്കാനും ഓരോ രോഗത്തിന്റെ വിശദാംശം ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യാനുമാണ് നിർദേശം.
ചില സംസ്ഥാനങ്ങൾ ഇതിനകം ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ കേസിന്റെയും വിശദാംശങ്ങൾ നിർബന്ധമായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ബ്ലാക്ക്ഫംഗസ് കേസുകളുടെ വിശദാംശങ്ങൾ ജില്ലാമെഡിക്കൽ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യണം.
ജില്ലാമെഡിക്കൽ ഓഫീസർമാർ ആരോഗ്യവകുപ്പിനും ആരോഗ്യ വകുപ്പ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിനും (ഐഡിഎസ്പി) വിശദാംശങ്ങൾ കൈമാറണം.
നെഞ്ചുവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചയിലെ അവ്യക്തത, ചുമച്ച് രക്തം തുപ്പുക, മൂക്കിലെ നിറംമാറ്റം, തലയുടെ ഒരുഭാഗത്തുള്ള വേദന തുടങ്ങിയവയാണ് ചില ലക്ഷണങ്ങൾ. കോവിഡ് മുക്തരാകുന്നവരിലാണ് രോഗം അധികവും കണ്ടുവരുന്നത്. പ്രമേഹരോഗികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.