തിരുവനന്തപുരം
‘ഞാൻ ജനിച്ച കാലത്തെ കേരളമല്ല ഇന്നത്തെ കേരളം. ഞാൻ ജനിച്ച കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഈ മാറ്റത്തിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു’. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആദ്യം മുഴങ്ങിയത് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും നവകേരള ശിൽപ്പിയുമായ ഇ എം എസിന്റെ വാക്കുകൾ.
സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുമ്പായി സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിലാണ് ‘നവകേരള ഗീതാഞ്ജലി’ എന്ന വെർച്വൽ സംഗീതാവിഷ്കാരം അരങ്ങേറിയത്. ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സംഗീതാവിഷ്കാരം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് പാടി യേശുദാസ് മുതൽ പുതുതലമുറയിലെ ഗായകരും താരങ്ങളുംവരെ പുതുഭരണത്തിന് ഭാവുകമോതി പരിപാടിയിൽ കണ്ണിചേർന്നു. അയിത്ത കേരളത്തിൽനിന്ന് മാനവിക കേരളത്തിലേക്കുള്ള യാത്രയിലെ അവിസ്മരണീയ ഏടുകൾ കോർത്തുകൊണ്ടായിരുന്നു പരിപാടി. പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ആത്മകഥയിലെ അവസാന വാചകങ്ങൾ നടൻ മുരളിയുടെ ശബ്ദത്തിൽ മുഴങ്ങിയപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കണ്ടുകൊണ്ടിരുന്ന ജനലക്ഷങ്ങൾക്ക് അതൊരു വൈകാരിക മുഹൂർത്തമായി.
പിറന്ന മണ്ണിൽ ഇന്നു നീ ഉറച്ചുനിൽക്കൂ സോദരാ…എന്ന വിപ്ലവഗായിക പി കെ മേദിനിയുടെ ഗാനം ജനമനസ്സിൽ സമരപുളകങ്ങൾ തീർത്തു. മൺമറഞ്ഞ കവികളുടെ ഹൃദയസ്പർശിയായ വരികൾക്കൊപ്പം കവി പ്രഭാവർമ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ ഈരടികളും ഗായകർ ആലപിച്ചു. അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, മോഹൻലാൽ, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, സിതാര, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമോതിയത്.
മമ്മൂട്ടി ആമുഖം അവതരിപ്പിച്ചു. സംവിധായകൻ ടി കെ രാജീവ്കുമാറാണ് സംഗീതാവിഷ്കാരത്തിന്റെ ആശയാവിഷ്കാരം നിർവഹിച്ചത്. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ് ആൽബം നിർമിച്ചത്.