ലോകമെങ്ങുമുള്ള മലയാളികൾ ഒരേ മനസ്സോടെ, വികാരത്തോടെ കാതോർത്തിരുന്ന നിമിഷങ്ങളിൽ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ വൈകിട്ട് 3.35നാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റത്
തിരുവനന്തപുരം
ഒരു നാടൊന്നാകെ, ഒരു ജനതയാകെ, വർഗ–-ലിംഗഭേദങ്ങളില്ലാതെ ആ നിമിഷത്തിന് കാതോർത്തുനിൽക്കെ എൽഡിഎഫ് സർക്കാർ രണ്ടാം ദൗത്യത്തിലേക്ക് ചുവടുവെച്ചു. രാജ്യത്തിന്റെ തെക്കേയറ്റത്ത് വീണ്ടും വിരിഞ്ഞ ചുവന്ന വസന്തത്തെ ഹർഷാരവത്തോടെ വരവേറ്റു. മലയാളികളുടെ ഹൃദയങ്ങൾ വേദിയാക്കി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സത്യപ്രതിജ്ഞ ചൊല്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ വൈകിട്ട് 3.35ന് ആരംഭിച്ച ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ 20 മന്ത്രിമാരും ഗവർണർ ആരിഫ് മൊഹമ്മദ് ഖാനു മുമ്പിൽ സത്യവാചകം ചൊല്ലി.
കോവിഡ് പശ്ചാത്തലത്തിൽ ചെറുതെങ്കിലും മനോഹരവും പ്രൗഢഗംഭീരവുമായിരുന്നു ചടങ്ങ്. വീട്ടകങ്ങളിൽ ടിവിയിൽ സത്യപ്രതിജ്ഞ കണ്ട് കുടുംബാംഗങ്ങൾ മധുരം പങ്കിട്ടു. വയലാറിലെയും പുന്നപ്രയിലെയും ധീരരക്തസാക്ഷികളുടെ ബലികുടീരങ്ങളിൽ പുഷ്പചക്രമർപ്പിച്ചാണ് സിപിഐ എം, സിപിഐ മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മുഖ്യമന്ത്രി എല്ലാവർക്കുമരികിലെത്തി അഭിവാദ്യംചെയ്തു. 3.29ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വേദിയിൽ എത്തിയതോടെ ബാന്റ് സംഘം ദേശീയഗാനമാലപിച്ചു. ചീഫ് സെക്രട്ടറി വി പി ജോയ് സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ അനുമതി തേടി. ആദ്യം പിണറായി വിജയനെ ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം രേഖയിൽ ഒപ്പുവച്ചു. തുടർന്ന് ഘടകക്ഷി അംഗങ്ങൾ. പിന്നാലെ അക്ഷരമാല ക്രമത്തിൽ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.
കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദൻ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിങ്ങനെയായിരുന്നു സത്യപ്രതിജ്ഞ. 4.50ന് ചടങ്ങ് അവസാനിച്ചു. ഒരുമിച്ചുള്ള ഫോട്ടോക്കുശേഷം എല്ലാവരും ഗവർണറുടെ ചായ സൽക്കാരത്തിന് രാജ്ഭവനിലെത്തി. തിരികെ മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിലെത്തി ചുമതലയേറ്റശേഷം ആദ്യ മന്ത്രിസഭായോഗം ചേർന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, കോൺഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, ഐഎൻഎൽ പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.