ന്യൂഡൽഹി
രാജ്യാന്തരതലത്തിൽ മോഡിസർക്കാരിന് പ്രതിച്ഛായ നഷ്ടമായതോടെ ‘ബിബിസി മാതൃകയിൽ’ ദൂരദർശൻ ചാനൽ തുടങ്ങാൻ പ്രസാർഭാരതിയുടെ തയ്യാറെടുപ്പ്. ഇതിനായി കൺസൾട്ടൻസികളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. ‘ദൂരദർശൻ ഇന്റർനാഷണൽ ചാനൽ’ സ്ഥാപിക്കാന് വിശദ പദ്ധതിരേഖ സമർപ്പിക്കാനാണ് നിര്ദേശം.
‘ഇന്ത്യയുടെ ശബ്ദം’ രാജ്യാന്തരതലത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസാർഭാരതി അധികൃതർ പറയുന്നു. പൗരത്വനിയമഭേദഗതി, കാർഷികനിയമങ്ങൾ, ന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി വിദേശമാധ്യമങ്ങൾ മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതോടെയാണ് ഈ നീക്കം സജീവമായത്.
കോവിഡ് രണ്ടാംതരംഗം നേരിടുന്നതിൽ മോഡി സർക്കാരിന്റെ പരാജയം ആഗോളമാധ്യമങ്ങളിൽ വലിയ വാർത്തയായതാണ് മഹാമാരിയുടെ കാലത്തുതന്നെ പുതിയ ചാനൽ തുടങ്ങാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.
ലോകമെമ്പാടും വാർത്താ ബ്യൂറോകൾ സ്ഥാപിക്കാനും 24 മണിക്കൂർ സംപ്രേഷണം നടത്താനും പുതിയ ചാനലിൽ സംവിധാനം ഏർപ്പെടുത്തും. ആറുമുതൽ എട്ട് മാസത്തിനകം ചാനലിന്റെ വിശദമായ പദ്ധതിക്ക് രൂപം നൽകുമെന്ന് പ്രസാർഭാരതി സിഇഒ ശശിശേഖർ വെമ്പതി പറഞ്ഞു.