ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി പൊളിച്ചത് പ്രദേശത്താകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചശേഷം. പള്ളിപൊളിക്കല് നീക്കത്തിന് എതിരെ മാർച്ച് 20ന് പ്രതിഷേധപ്രകടനം നടന്നു. ഇതിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ ചുമത്തി 180 പേർക്കെതിരെ കേസെടുത്തു. നിരവധിപേർ അറസ്റ്റിലായി. 30 പേർ ഇപ്പോഴും ജയിലില്. ‘കണ്ടാലറിയാവുന്ന നൂറിലധികം പേർക്ക് എതിരെയും കേസുണ്ടെന്ന്’പറയുന്നു. ഈ പഴുത് ഉപയോഗിച്ച് പൊലീസിന് എപ്പോഴും ആരേയും അറസ്റ്റ് ചെയ്യാം.
മാർച്ചിൽ നടന്ന വ്യാപക അറസ്റ്റുകൾ മുസ്ലിം വിഭാഗക്കാരുടെ ഉള്ളിൽ വലിയ ഭയം വിതച്ചതായി പള്ളിക്കമ്മിറ്റിയംഗം മൗലാനാ അബ്ദുൾ മുസ്തഫ ‘ദി വയർ’ വാർത്താപോർട്ടലിനോട് പ്രതികരിച്ചു. ‘പള്ളി പൊളിച്ച അവസരത്തിൽ ശബ്ദമുയർത്താൻ ആർക്കും ധൈര്യമുണ്ടായില്ല. പള്ളിയുടെ അടുത്തുപോലും പോകാനായില്ല. എല്ലാവർക്കും ഭയമായിരുന്നു’–- അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് ബാരാബങ്കി രാംസനേഹിഘാട്ട് താലൂക്കിലെ ഗരീബ് നവാസ് മസ്ജിദ് പൊളിച്ചത്. പള്ളിക്കെട്ടിടങ്ങൾ അനധികൃതമല്ലെന്ന് തെളിയിക്കുന്ന രേഖൾ കൈമാറിയിട്ടും പരിഗണിച്ചില്ലെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പൊളിച്ചത് പള്ളിയല്ല അനധികൃതകെട്ടിടമാണെന്ന നിലപാടിലാണ് ജില്ലാ അധികൃതർ. പള്ളി പൊളിച്ചതിനെ വിവിധ പ്രതിപക്ഷ കക്ഷികൾ അപലപിച്ചു. സമാജ്വാദി പാർടി നേതാക്കൾ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.