കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കോൺഗ്രസുമായുള്ള മുന്നണി ബന്ധം വിടണമെന്ന് മുസ്ലിംലീഗിൽ ആവശ്യം. കോൺഗ്രസ് ഗ്രൂപ്പിസത്തിലും നിലപാടില്ലായ്മയിലും മനംമടുത്ത് കൂടിയാണ് നേതാക്കളടക്കം ഒരുവിഭാഗം ഈ ആവശ്യമുയർത്തുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റ ചില നേതാക്കളാണ് ഇവർക്ക് മുന്നിൽ. ലീഗ് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം.
മുതിർന്ന നേതാക്കളുടെ മനവും നിലപാടും യൂത്ത്ലീഗുകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുമുണ്ട്. ‘‘കേരളത്തിൽ കോൺഗ്രസിനെ വിട്ട് പുതിയ മുന്നണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു ’’എന്നാണ് യൂത്ത് ലീഗുകാരുടെ പ്രചാരണം. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലടക്കം ഈ വാദം ചർച്ചയായിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂരാണ് ഫേസ്ബുക്കിലൂടെ കോൺഗ്രസ് വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടത്. ഇത് നേതാക്കളും പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.