അഹമ്മദാബാദ്
അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച ടൗട്ടെ നാശംവിതച്ച ഗുജറാത്തിൽ 12 ജില്ലയിലായി 45 പേർ മരിച്ചു. 5,951 ഗ്രാമത്തിൽ പൂർണമായി വൈദ്യുതി മുടങ്ങിയ നിലയിലാണ്. കനത്ത നാശനഷ്ടമുണ്ടായ സൗരാഷ്ട്ര മേഖലയിലെ അമ്രേലി ജില്ലയിൽ 15 പേർ മരിച്ചു.
ഭാവ് നഗറിലും ഗീർ സോംനാഥ് തീര ജില്ലകളിൽ എട്ടുപേർ വീതവും അഞ്ച് പേർ അഹമ്മദാബാദിലും രണ്ട് പേർ ഖേഡയിലും മരിച്ചു. ആനന്ദ്, വഡോദര, സൂറത്ത്, വൽസാദ്, രാജ്കോട്ട്, നവസാരി, പഞ്ചമഹൽ ജില്ലകളിൽ ഒരാൾ വീതം മരിച്ചു. മതിൽ തകർന്നാണ് 24 മരണം. മരംവീണും വീട് തകർന്നും വൈദ്യുതാഘാതമേറ്റുമാണ് മറ്റ് മരണങ്ങൾ.
1000 കോടി
അടിയന്തര സഹായം
ഗുജറാത്തിലെയും ദാമൻ ദിയുവിലെയും ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്തിന് 1000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
മുഖ്യമന്ത്രി വിജയ് രൂപാണിയുമായി മോഡി ചർച്ച നടത്തി.16,000 വീട് തകരുകയും 40,000 മരം കടപുഴകുകയും 70,000 വൈദ്യുതി പോസ്റ്റ് തകർന്നെന്നും രൂപാണി അറിയിച്ചു. അതേസമയം, സ്വന്തം സംസ്ഥാനത്തുമാത്രം വ്യോമ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി മഹാരാഷ്ട്രയെ അവഗണിച്ചെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട് ആരോപിച്ചു.