കൊല്ക്കത്ത
കടുത്ത ശ്വാസതടസ്സം നേരിട്ട ബിജെപി എംഎല്എ പാര്ത്ഥസാരഥി ചാറ്റര്ജിക്ക് ഓക്സിജന് സിലിണ്ടര് എത്തിച്ച് അടിയന്തരസേവനമേകി ബംഗാളിലെ റെഡ് വളന്റിയര്മാര്. സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ പ്രവര്ത്തകര് ആംബുലന്സില് ആശുപത്രിയിലെത്തിച്ചു. എംഎല്എയ്ക്ക് സമയോചിതമായി സഹായം എത്തിക്കാന് ബിജെപി അണികള്ക്ക് കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങള് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ സന്നദ്ധപ്രവര്ത്തന കൂട്ടായ്മയെ ബന്ധപ്പെട്ടത്.
“മഹാമാരിയെ നേരിടുമ്പോള് ഒറ്റക്കെട്ടായി ഇറങ്ങുകയാണ് വേണ്ടത്. സഹായിക്കേണ്ടത് രാഷ്ട്രീയ എതിരാളിയെ ആണോ എന്ന ചോദ്യം ഉദിക്കുന്നില്ല’-സംഘത്തെ നയിച്ച സിപിഐ എം റാണഘട്ട് ഏരിയസെക്രട്ടറി ദേബാഷിഷ് ചക്രവര്ത്തി പറഞ്ഞു.
തൃണമൂല്, ബിജെപി പ്രവര്ത്തകരുള്പ്പെടെ റെഡ് വളന്റിയേഴ്സിന്റെ സേവനം തേടുന്നു. സംസ്ഥാന വ്യാപകമായി റെഡ് വളന്റിയര്മാര് 24 മണിക്കൂറും പ്രവര്ത്തന സജ്ജരാണ്. രോഗികളെ ആശുപത്രികളിലെത്തിക്കുക, സമ്പര്ക്കവിലക്കിലുള്ളവര്ക്ക് ഭക്ഷണവും മരുന്നും എത്തിക്കുക, ഓക്സിജന് സിലിണ്ടറുകള് നല്കുക, രക്തദാന ക്യാമ്പുകള് സംഘടിപ്പിക്കുക എന്നിങ്ങനെ ചുമതല നീളുന്നു.
ഹൗറ ജില്ലയിലെ ശ്യാംപുരില് കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹ ആരും സംസ്കരിക്കാന് തയ്യാറാകാതിരുന്നപ്പോള് റെഡ് വളന്റിയേഴ്സ് എത്തി സൗകര്യമൊരുക്കി. കഴിഞ്ഞ വര്ഷമാണ് റെഡ് വളന്റിയേഴ്സ് പ്രവര്ത്തനത്തിന് തുടക്കം കുറിച്ചത്. രോഗവ്യാപനം തീവ്രമായതോടെ സംസ്ഥാനമാകെ പ്രവര്ത്തനം വ്യാപിപ്പിച്ചു. കൊല്ക്കത്തയില്മാത്രം ഇത്തരം 50 വളന്റിയര് ഗ്രൂപ്പ് പ്രവര്ത്തിക്കുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജന് ചക്രവര്ത്തി പറഞ്ഞു.