മുംബൈ
ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 75 പേരിൽ 26 പേർ മരിച്ചു. മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. പി305 എന്ന ബാർജിലെ 261 പേരിൽ 186 പേരെ രക്ഷിച്ചു.അവശേഷിക്കുന്നവർക്കുവേണ്ടി നാവികസേനയും തീരസേനയും തെരച്ചിൽ തുടരുകയാണ്. ഒഎൻജിസിക്കുവേണ്ടി പ്രവർത്തിക്കുന്ന മൂന്ന് ബാർജാണ് അപകടത്തിൽപ്പെട്ടത്. അറുന്നൂറിലേറെ ആളുകളായിരുന്നു മൂന്ന് ബാർജിലായി ഉണ്ടായിരുന്നത്. ഗാൽ കൺസ്ട്രക്ടർ എന്ന ബാർജിലുണ്ടായിരുന്ന 137 പേരെയും കരയ്ക്കെത്തിച്ചു. സപ്പോർട്ട് സ്റ്റേഷൻ 3 എന്ന ബാർജിലെ 201 പേരും സാഗർഭൂഷൺ എണ്ണക്കിണറിലുണ്ടായിരുന്നവരെയും രക്ഷിച്ചു. എണ്ണഖനന കേന്ദ്രമായ ബോംബെ ഹൈയിൽ തിങ്കളാഴ്ചയാണ് ഒരു ബാർജ് കടലിൽ മുങ്ങിയതും മറ്റൊന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിപ്പോയതും.
ജീവനുവേണ്ടി കടലിൽ നീന്തി
8 മണിക്കൂർ
ടൗട്ടെ ചുഴലിക്കാറ്റിൽ രൗദ്രഭാവത്തിൽ കടലും കാറ്റും അഞ്ഞടിച്ചതോടെ മുങ്ങിയ ബാർജിൽനിന്ന് കടലിൽവീണ തൊഴിലാളികൾ നീന്തി നിന്നത് എട്ട് മണിക്കൂർ. നാവികസേനയുടെ രക്ഷാപ്രവർത്തകർ എത്തുംവരെ കടന്നുപോയത് ഭീതിയുടെ ചുഴിയിലൂടെയാണെന്ന് രക്ഷപ്പെട്ട കോലാപുർ സ്വദേശി ഗീതേ (19) പറഞ്ഞു. അറബിക്കടൽ പ്രക്ഷുബ്ധമായതോടെ 10 മീറ്റർ ഉയരത്തിലാണ് തിരയടിച്ചത്. ബാർജ് മുങ്ങിയതോടെ ലൈഫ് ജാക്കറ്റിട്ട് കടലിൽചാടി നീന്തിനിന്നു. ചുഴലിക്കാറ്റ് കാര്യമായ പ്രശ്നമുണ്ടാക്കില്ലെന്ന് ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി പറഞ്ഞു. പലർക്കും 12 മണിക്കൂർവരെ രക്ഷാപ്രവർത്തകരെ കാത്ത് കടലിൽ കഴിച്ചുകൂട്ടേണ്ടിവന്നു.