ന്യൂഡൽഹി
ഇന്ത്യയിലെ യഥാര്ഥ കോവിഡ് മരണസംഖ്യ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിന്റെ അഞ്ചുമുതല് പത്തു മടങ്ങായിരിക്കുമെന്ന് രാജ്യത്തെ കോവിഡ് ജനിതക വ്യതിയാന ഉപദേശകസമിതി അധ്യക്ഷ പദവി രാജിവച്ച പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ.
സർക്കാർ കണക്കില് 2019ല് രാജ്യത്ത് സാധാരണയുള്ള പ്രതിദിനമരണം 27600ആണ്. നിലവിൽ കണക്കിലുള്ള കോവിഡ് മരണം പ്രതിദിനം നാലായിരം എത്തി. 2019ലെ പ്രതിദിന മരണങ്ങളുമായി താരതമ്യപ്പെടുത്തിയാല് കേവലം 15 ശതമാനം മാത്രമാണ് കോവിഡ് കാരണം മരണങ്ങളിലെ വർധന. എന്നാൽ ശ്മശാനങ്ങളിലെ തിരക്ക് ഈ തോതിലല്ല. റിപ്പോർട്ടു ചെയ്യപ്പെടുന്നതിനേക്കാൾ 5–-10 മടങ്ങ് കൂടുതൽ മരണം കോവിഡ് കാരണം സംഭവിക്കുന്നു. രോഗസംഖ്യ ഏറെ ഉയരത്തിലെത്തിയ ശേഷമാണ് ഇപ്പോള് ഒരു നിരപ്പിലേക്ക് കടക്കുന്നത്. തിരിച്ചിറക്കം എളുപ്പത്തിലാകില്ല. ജൂലൈ–- ആഗസ്തുവരെ നീളാം.
തീവ്രമായ രണ്ടാം വ്യാപത്തിന് കാരണം വൈറസ് മാത്രമല്ല. വൈറസിനെ വ്യാപിക്കാൻ അനുവദിക്കുകയായിരുന്നു. ആദ്യ വ്യാപനം കുറഞ്ഞുതുടങ്ങിയപ്പോള് കോവിഡിനെ കീഴടക്കിയെന്ന് നേതാക്കൾ ധരിച്ചു. ഇന്ത്യക്കാർക്ക് എന്തൊക്കെയോ പ്രത്യേകതകളുണ്ടെന്ന് പോലും പ്രചാരണമുണ്ടായി. ആഘോഷങ്ങളും ചടങ്ങുകളും തെരഞ്ഞെടുപ്പുകളുമുണ്ടായി. ജനുവരി–- ഫെബ്രുവരി കാലയളവിൽ വാക്സിനേഷൻ വഴി വ്യാപനം തടയാനുള്ള അവസരം നഷ്ടപ്പെടുത്തി–- രാജിക്ക് മുമ്പ് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ജമീൽ പറഞ്ഞു.