ഇന്ത്യയിലെ കൊവിഡ് ബാധ നേരിടുന്നതിനുള്ള ഓസ്ട്രേലിയയുടെ രണ്ടാം ഘട്ട മെഡിക്കൽ സഹായവുമായി ക്വാണ്ടസ് വിമാനം പുറപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിക്കുന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരുമായാകും ഈ വിമാനം തിരിച്ചെത്തുക.
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശം നിരോധിച്ചിരുന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി ശനിയാഴ്ച അവസാനിക്കുകയാണ്.
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി ഇതോടെ പുനരാരംഭിക്കുകയും ചെയ്യും.
ഇതിനായാണ് ക്വാണ്ടസ് വിമാനം ഡൽഹിയിലേക്ക് തിരിച്ചത്.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം നേരിടാനായി ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ മെഡിക്കൽ സഹായവും ഈ വിമാനത്തിൽ എത്തിക്കുന്നുണ്ട്.
1056 വെന്റിലേറ്ററുകളും, 60 ഓക്സിജൻ കോൺസൻട്രേറ്ററുകളും, മറ്റ് അവശ്യവസ്തുക്കളുമാണ് ഈ വിമാനത്തിൽ കൊണ്ടുപോകുന്നത്.
കഴിഞ്ഞയാഴ്ച ആയിരത്തിലേറെ വെന്റിലേറ്ററുകളും 43 ഓക്സിജൻ കോൺസൻട്രേറ്ററുകളും അയച്ചിരുന്നു.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം നേരിടാനായി 37.1 മില്യൺ ഡോളറിന്റെ പാക്കേജ് നൽകും എന്നാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ മെഡിക്കൽ സഹായം എത്തിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി 15 ടണ്ണിലേറെ മെഡിക്കൽ സഹായം ഇന്ത്യയ്ക്ക് നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിനു പുറമേ, വിക്ടോറിയൻ സർക്കാർ 1,000 വെന്റിലേറ്ററുകളും, ക്വീൻസ്ലാന്റ് സർക്കാർ റെഡ് ക്രോസ് വഴി രണ്ടു മില്യൺ ഡോളറും, വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ രണ്ടു മില്യൺ ഡോളറും നൽകുന്നുണ്ട്.
സിഡ്നിയിൽ നിന്ന് ഡാർവിൻ വഴി ഡൽഹിയിലേക്കെത്തുന്ന വിമാനം, ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരുമായാണ് തിരിച്ചെത്തുന്നത്.
ഈ വിമാനം ശനിയാഴ്ച ഡാർവിനിലെത്തും. ഡാർവിനിലെ ഹോവാർഡ് സ്പ്രിംഗ്സിലാകും എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുക.
മേയ് 23 ഞായറാഴ്ചയാകും ഡൽഹിയിൽ നിന്നുള്ള അടുത്ത ക്വാണ്ടസ് വിമാനം ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കുക.
ഇന്ത്യയിൽ നിന്നുള്ള യാത്ര നിർത്തിവച്ചത് ക്വാറന്റൈൻ ഹോട്ടലുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
292 കേസുകളിൽ നിന്ന് 171 കേസുകളായാണ് രണ്ടാഴ്ച കൊണ്ട് ക്വാറന്റൈനിലെ കൊവിഡ് ബാധ കുറഞ്ഞത്.
ഹോവാർഡ് സ്പ്രിംഗ്സിലെ കൊവിഡ് ബാധിതരുടെ എണ്ണം 53ൽ നിന്ന് നാലായും കുറഞ്ഞു.
കടപ്പാട്: SBS മലയാളം