ന്യൂഡൽഹി
ഇസ്രയേലിന്റെ കടന്നാക്രമണത്തില് പലസ്തീൻ ജനതയ്ക്ക് പിന്തുണ അര്പ്പിച്ച് രാജ്യത്തെ എഴുത്തുകാരും അധ്യാപകരും ബുദ്ധിജീവികളും രാഷ്ട്രീയപ്രവര്ത്തകരും അഭിനേതാക്കളം രംഗത്തെത്തി. മുഹമ്മദ് യൂസഫ് തരിഗാമി, ഐജാസ് അഹമ്മദ്, അരുന്ധതി റോയ്, ഗീത ഹരിഹരൻ, നസറുദ്ദീൻ ഷാ, നയൻതാര സെയ്ഗാൾ, പ്രഭാത് പട്നായിക്, രത്ന പതക് ഷാ, സുഭാഷിണി അലി, സുധൻവ ദേശ്പാണ്ഡെ, വിജയ് പ്രസാദ് തുടങ്ങിയവരാണ് സംയുക്തമായി രംഗത്തെത്തിയത്.
1948 മുതൽ ഇസ്രയേൽ പലസ്തീൻ ജനതയെ അവരുടെ മണ്ണിൽനിന്ന് ഓടിക്കാനും സ്വതന്ത്ര പലസ്തീനുള്ള സാധ്യത ഇല്ലാതാക്കാനും ശ്രമിക്കുന്നു. ഈവര്ഷം മെയ് മാസം ആദ്യം ജെറുസലേമിലെ ഷെയ്ഖ് ജറായിലുള്ള പലസ്തീനിയൻ കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ശ്രമിച്ചു. ഇസ്രയേലികൾ ഇറക്കിവിട്ടതിനെത്തുടർന്നാണ് ഈ കുടുംബങ്ങൾ ജെറുസലേമിലെ ഈ സ്ഥലത്ത് എത്തിയത്. വീണ്ടും ഇറക്കിവിടാൻ ശ്രമിക്കുന്നു. എന്നാൽ, പലസ്തീൻ ജനത ഇത് എതിർത്തു. അവർക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമാണ്. അൽ അഖ്സ പള്ളിയിലേക്ക് ഇസ്രയേലി സൈനികർ കടന്നുകയറി. കടന്നുകയറ്റം അവസാനിപ്പിച്ചില്ലെങ്കിൽ റോക്കറ്റ് ആക്രമണം നേരിടേണ്ടിവരുമെന്ന് ഗാസയിലുള്ള പലസ്തീന്കാര് മുന്നറിയിപ്പ് നൽകി. റോക്കറ്റ് ആക്രമണം ചെറുത്തുനിൽപ്പിന്റെ ഭാഗായിരുന്നു.
ഇസ്രയേൽ തിരിച്ചടിച്ചത് അത്യന്തം തീവ്രമായാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കി. മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ബോംബിട്ടു. വെടിനിർത്തൽ സംബന്ധിച്ചൊരു തീരുമാനത്തിന് അമേരിക്കയും മുൻകൈ എടുക്കുന്നില്ല. യുഎന് മൗനംപാലിക്കുന്നു. മറ്റ് അറബ് രാഷ്ട്രങ്ങളും പലസ്തീനെ സഹായിക്കുന്നില്ല. മാതൃരാജ്യത്തിനായി നിലകൊള്ളാനും വീടുകളിലേക്ക് തിരികെപോകാനുള്ള അവകാശത്തിനും കടന്നാക്രമണം ചെറുക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടി ഞങ്ങള് നിലകൊള്ളുന്നുവെന്നും സംയുക്ത പ്രസ്താവനയില് പറയുന്നു.