ഐക്യരാഷ്ട്ര സഭാകേന്ദ്രം
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ പലസ്തീനെ അനുകൂലിച്ചും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ചും ഇന്ത്യ. ജെറുസലേമിലും പരിസരങ്ങളിലും തൽസ്ഥിതി തുടരണമെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി ആവശ്യപ്പെട്ടു. ഇസ്രയേൽ-–പലസ്തീൻ സംഘർഷത്തിൽ അതിവേഗം പരിഹാരം കാണണം. രണ്ട് രാഷ്ട്രമായി മാറുക എന്ന ശാശ്വതപരിഹാരത്തിനായി പ്രവര്ത്തിക്കാന് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും അറിയിച്ചു.
ഗാസയില്നിന്നുള്ള ഹമാസിന്റെ “വകതിരിവില്ലാത്ത’ റോക്കറ്റ് ആക്രമണത്തെ പ്രസ്താവനയില് ഇന്ത്യ ശക്തമായി അപലപിച്ചു. അതേസമയം, ഇസ്രയേലിന്റെ വ്യോമാക്രമണത്തെ മറ്റ് നിരവധി രാഷ്ട്രങ്ങള് ചൂണ്ടിക്കാട്ടിയപോലെ കടന്നുകയറ്റമെന്ന് വിശേഷിപ്പിക്കാന് തയ്യാറായില്ല. “പ്രകോപനത്തെതുടര്ന്നുള്ള തിരിച്ചടി’യാണ് ഇസ്രയേല് നടത്തുന്നതെന്ന വ്യാഖ്യാനമാണ് തിരുമൂര്ത്തി നല്കിയത്.
കിഴക്കൻ ജെറുസലേമിലും സമീപ പ്രദേശങ്ങളിലും നിലവിലെ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ഇരുഭാഗവും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സംഘർഷങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം.
ഇസ്രയേൽ– പലസ്തീൻ ചർച്ച പുനരാരംഭിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ എല്ലാ ശ്രമവും നടത്തണം. പ്രശ്നപരിഹാരത്തിനായി യുഎന്നും മറ്റു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കും. റോക്കറ്റ് ആക്രമണത്തിൽ മലയാളിയായ സൗമ്യ സന്തോഷിന് ജീവന് നഷ്ടപ്പെട്ടതില് തിരുമൂര്ത്തി അനുശോചനം രേഖപ്പെടുത്തി.