ന്യൂഡൽഹി
പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി. 2–-ഡിഓക്സി–-ഡി–-ഗ്ലൂക്കോസ് (2–-ഡിജി) മരുന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങില് നിന്ന് ആരോഗ്യമന്ത്രി ഹർഷ്വർദ്ധൻ ഏറ്റുവാങ്ങി. ഡിആർഡിഒ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലയഡ് സയൻസസും (ഐഎൻഎംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേർന്നാണ് മരുന്ന് വികസിപ്പിച്ചത്.
ജൂൺമുതൽ
എല്ലാ ആശുപത്രിയിലും
2–-ഡിജി മരുന്ന് ജൂൺമുതൽ രാജ്യത്തെ എല്ലാ ആശുപത്രിയിലും ലഭ്യമാക്കുമെന്ന് ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി അറിയിച്ചു. മരുന്നിന്റെ ആദ്യബാച്ച് നിയന്ത്രിതരീതിയിൽ ഡൽഹി എയിംസിലും സൈനികആശുപത്രികളിലും ഡിആർഡിഒ ആശുപത്രികളിലും ഉപയോഗിക്കും. 2–-ഡിജി മരുന്ന് രോഗികൾക്ക് വെള്ളത്തിൽ അലിയിപ്പിച്ച് കഴിക്കാം.
കോവിഡ് ബാധിച്ച കോശങ്ങളിൽ കടന്നുചെല്ലുന്ന മരുന്ന് രോഗബാധിത കോശങ്ങൾ ഇരട്ടിക്കുന്നത് തടയും. രോഗികളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. അഞ്ചോ ഏഴോ ദിവസം രണ്ടുനേരം വീതം മരുന്ന് കഴിക്കേണ്ടി വരും.