ലഖ്നൗ
ഉത്തർപ്രദേശ് സർക്കാരിൽ ജനപ്രതിനിധികളുടെ അഭിപ്രായത്തിന് ഒരു പ്രസക്തിയുമില്ലെന്നും കൂടുതൽ തുറന്നുപറഞ്ഞാൽ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ബിജെപി എംഎൽഎ. തന്നെപ്പോലെയുള്ള എംഎൽഎമാരുടെ വാക്കിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് രാകേഷ് റാത്തോഡ് പറഞ്ഞു. എത്ര ശ്രമിച്ചിട്ടും തന്റെ മണ്ഡലമായ സീതാപൂരിൽ സർക്കാർ ട്രോമ സെന്റർ സജ്ജമാക്കുന്നില്ല. ബിജെപി സർക്കാരിൽ എംഎൽഎമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ അവസരമില്ലെന്നും റാത്തോഡ് പറഞ്ഞു.
എന്തുകൊണ്ട് സ്വന്തം സർക്കാരിനു മുന്നിൽ വിഷയം അവതരിപ്പിക്കുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റാത്തോഡ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് റാത്തോഡ് ബിജെപിയിൽ ചേർന്നത്. മുമ്പ് സ്വതന്ത്രനായും ബിഎസ്പിയുമായി സഹകരിച്ചും മത്സരിച്ചിട്ടുണ്ട്. കോവിഡിനെ നേരിടാൻ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം വിഡ്ഢിത്തമാണെന്ന് റാത്തോഡ് വിമര്‍ശിച്ചിരുന്നു.