ന്യൂഡൽഹി
ഇന്ധന വിലവർധനയുടെ ഭാഗമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നു. പ്രതിമാസ മൊത്തവില സൂചികപ്രകാരം മാർച്ചിൽ 7.39 ശതമാനമായിരുന്ന പണപ്പെരുപ്പം ഏപ്രിലിൽ 10.49 ശതമാനമായി. ക്രൂഡോയിൽ, പെട്രോൾ–- ഡീസൽ, നിർമിത ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലവർധന പണപ്പെരുപ്പത്തിന് വഴിയൊരുക്കി. കോവിഡ് അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം അതിരൂക്ഷ വിലക്കയറ്റവും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
ഫെബ്രുവരിയിൽ 4.83 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം ഏപ്രിലിൽ ഇരട്ടിയിലേറെയായി. ക്രൂഡോയിൽ വില മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ 73.70 ശതമാനവും ഏപ്രിലിൽ 160.18 ശതമാനവും ഉയർന്നു. പെട്രോൾ വിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ 18.48 ശതമാനവും ഏപ്രിലിൽ 42.57 ശതമാനവും വർധിച്ചപ്പോൾ ഡീസൽ വിലയിൽ യഥാക്രമം 18.27 ഉം 33.82 ശതമാനവുമാണ് വർധന. പാചകവാതക വില മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ 10.30 ശതമാനവും ഏപ്രിലിൽ 20.34 ശതമാനവും കൂടി.
ഭക്ഷ്യസൂചിക ഫെബ്രുവരിയിൽ 3.58 ശതമാനമായിരുന്നത് മാർച്ചിൽ 5.28 ശതമാനമായും ഏപ്രിലിൽ 7.58 ശതമാനമായും ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലസൂചിക മാർച്ചിൽ 6.4 ശതമാനമായിരുന്നത് ഏപ്രിലിൽ 10.16 ശതമാനമായി കൂടി.