തിരുവനന്തപുരം
കെഎസ്ഇബിയെ ‘ഷോക്കടിപ്പിച്ച്’ ടൗട്ടെ ചുഴലിക്കാറ്റ്. ടൗട്ടെ പ്രഭാവത്തിലുണ്ടായ കനത്തമഴയിലും കാറ്റിലും കെഎസ്ഇബിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം ഇതുവരെ 53.03 കോടിയുടെ നഷ്ടമുണ്ടായി. അന്തിമ കണക്കിൽ നഷ്ടം ഇനിയുമേറുമെന്നാണ് വിവരം.
സംസ്ഥാനത്തൊട്ടാകെ 40, 01 ,394 കണക്ഷൻ തകരാറിലായി. 23,953 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. 6013 പോസ്റ്റ് തകർന്നു (ഹൈടെൻഷൻ പോസ്റ്റ്–-648, ലോടെൻഷൻ–-20287). 20,935 സ്ഥലത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണു. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. കൊല്ലത്താണ് ഏറ്റവും കൂടുതൽ കണക്ഷനും ട്രാൻസ്ഫോർമറുകളും നശിച്ചത്. ഇവിടെ 7,40,022 കണക്ഷനും 4221 ട്രാൻസ്ഫോർമറും നശിച്ചു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 6,50,013, 3469, ആലപ്പുഴ 6,01,641, 3686, കാസർകോട് 5,51,404, 3226. ഏറ്റവും കൂടുതൽ ലോടെൻഷൻ പോസ്റ്റുകൾ തകർന്നത് തിരുവനന്തപുരത്ത്–-883. ആലപ്പുഴ 716, കൊല്ലം 667.
വെളിച്ചം തിരിച്ചെത്തിച്ചു അതിവേഗം
അതിവേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി ജീവനക്കാർ. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ജീവനക്കാർ കർമനിരതരാകുന്നത്. 40 ലക്ഷത്തിലധികം കണക്ഷൻ തകരാറുണ്ടായതിൽ 39,77,214 എണ്ണം ശരിയാക്കി. 23,953 വിതരണ ട്രാൻസ്ഫോർമറുകളിൽ 23,791 എണ്ണവും പ്രവർത്തനക്ഷമമാക്കി. ശേഷിക്കുന്നത് 162. കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജൻ പ്ലാന്റുകൾ, വാക്സിൻ സംഭരണകേന്ദ്രങ്ങളിലടക്കം യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. അതിശക്തമായ മഴയും കാറ്റും തരണം ചെയ്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് സൈബർ ലോകത്തുൾപ്പെടെ അഭിനന്ദനപ്രവാഹമാണ്.
ജില്ലകളിലെ നഷ്ടം (കോടിയിൽ): തിരുവനന്തപുരം–-8.49, കൊല്ലം–-8.48, പത്തനംതിട്ട–-1.90, കോട്ടയം–-3.72, ആലപ്പുഴ–-5.21, ഇടുക്കി–-3.02
എറണാകുളം–-5.03, തൃശൂർ–-3.23, പാലക്കാട്–-2.39, മലപ്പുറം–-3.47 കോഴിക്കോട്–-3.17, കണ്ണൂർ–-2.03, കാസർകോട്–-2.26, വയനാട്–-57.46 ലക്ഷം