Tauktae Cyclone Updates
പനാജി
ഗോവൻ തീരംതൊട്ട ടൗട്ടെ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മഴയും കാറ്റും കടലാക്രമണവും ശക്തമായി. വൈദ്യുതി മുടങ്ങി. രണ്ടുപേർ മരിച്ചു. അഞ്ഞൂറിലേറെ മരം കടപുഴകി. ഇരുന്നൂറോളം വീട് തകർന്നു.
ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരത്തെത്തും. മണിക്കൂറില് 150 മുതല് 160 കിലോമീറ്റര്വരെ വേഗതയിലാകും കാറ്റ് വീശുക. കേന്ദ്രഭരണപ്രദേശമായ ദാമൻ ദിയു, ദാദ്ര നഗർ ഹവേലിയിലൂടെയാകും കടന്നുപോകുക. ഗുജറാത്ത്, ദാമൻ ദിയു തീരമേഖലകളിൽ അതീവജാഗ്രത. കൂടുതൽ ശക്തിപ്രാപിച്ച് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി പോർബന്ദറിനും മഹുവയ്ക്കും ഇടയിലൂടെ കടന്നുപോകും. ഗുജറാത്തിൽ ഇന്നും നാളെയും വാക്സിൻ കുത്തിവയ്പ് റദ്ദാക്കി.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബേയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സമിതി യോഗം സാഹചര്യം വിലയിരുത്തി. എന്ഡിആര്എഫിന്റെ 79 സംഘത്തെ വിന്യസിച്ചു. കൂടാതെ 22 അധിക സംഘവും തയ്യാറാണ്. കര––നാവിക-–-തീരസംരക്ഷണ സേനകളുടെ രക്ഷാപ്രവര്ത്തന സംഘങ്ങളെയും വിന്യസിച്ചു.
കർണാടകയിൽ 4 മരണം
ശക്തമായ മഴയിലും കാറ്റിലും കർണാടകത്തിലെ 73 ഗ്രാമത്തിൽ നാശനഷ്ടമുണ്ടായി. ഉഡുപ്പി, ഉത്തര കന്നഡ, ശിവമോഗ, ചിക്കമംഗളൂരു ജില്ലകളിലായി നാലുപേർ മരിച്ചു. 112 വീട് തകർന്നു. 318 പേരെ മാറ്റിപ്പാർപ്പിച്ചു.